

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി. ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീം സംഘമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുലർച്ചെ 1.20നു പൂച്ചയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവം കാണാനെത്തിയ ജനങ്ങൾ രക്ഷാപ്രവർത്തനത്തിന് ആർപ്പ് വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരാഴ്ച മുൻപാണ് കലൂർ സ്റ്റേഡിയത്തിനു സമീപം 556–ാം നമ്പർ മെട്രോ തൂണിനു മുകളിൽ പൂച്ച ഇരിക്കുന്നത് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാവിലെ 11.30നാണു രക്ഷാദൗത്യം തുടങ്ങിയെങ്കിലും, മാൻ ലിഫ്റ്റർ ഉപയോഗിച്ചു രക്ഷപ്പെടുത്താൻ ശ്രമിക്കവെ പൂച്ച ഓടിമറഞ്ഞു. പിന്നാലെ ലിഫ്റ്റ് തകരാറിലാവുകയും, മറ്റൊരു ലിഫ്റ്റ് എത്തിക്കുകയും, നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് സംഭവിക്കുകയും, മെട്രോ സർവീസ് നിർത്തിവയ്ക്കുകയും ചെയ്തിട്ടും, പൂച്ചയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ, രാത്രി 11 മണിക്ക് മെട്രോ സർവീസ് അവസാനിച്ച ശേഷം, പുലർച്ചെ 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ലൈവ് സംപ്രേക്ഷണത്തിലൂടെ താരമായ പൂച്ചയ്ക്കു നാട്ടുകാർ ‘സുഭാഷ്’ എന്നാണ് പേരിട്ടത്. പുലർച്ചെ 1.20നു, ഒരാഴ്ച്ചയോളം ഭക്ഷണം കഴിക്കാതെ അവശനായിരുന്ന പൂച്ചയെ പില്ലറിന് മുകളിൽ നിന്ന് രക്ഷിച്ച് തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി.
താഴെയെത്തിയ പൂച്ചയെ ആർപ്പുവിളികളോടെയാണ് ജനം സ്വീകരിച്ചത്. വാർത്താ ചാനലുകളിലും, സമൂഹമാധ്യമങ്ങളിലും, താരമായ പൂച്ചയുടെ ദൃശ്യങ്ങൾ 'ദ റിയൽ കേരള സ്റ്റോറി' എന്ന കുറിപ്പോടെ നിരവധി പേർ പങ്കുവെക്കുന്നുണ്ട്. അതിജീവനത്തിൻ്റെ പുതിയൊരു അടയാളമായി മാറിയിരിക്കുകയാണ് സുഭാഷ് എന്ന പുച്ച.
English Summary: A cat trapped for a week atop Metro Pillar 556 near Kaloor JLN Stadium was dramatically rescued by the Fire Force and SPCA. After failed initial attempts, technical glitches, traffic chaos, and a temporary halt in metro services, the rescue succeeded past midnight once power was cut on the metro line.
Locals, who nicknamed the cat “Subhash,” celebrated with cheers as it was finally brought down and shifted to a veterinary hospital. The rescue video has gone viral on social media as “The Real Kerala Story.”