ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസവും പരാജയപ്പെട്ടതോടെ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വ്യക്തമാക്കി.
മൂന്നാം ദിനമായ ഇന്ന് ഉച്ചയ്ക്ക് ശേഷം 301 ഏക്കറിലെ അംഗനവാടിക്ക് സമീപത്തുവെച്ചാണ് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചത്. എന്നാൽ, രണ്ട് ഡോസ് മയക്കുവെടി വെച്ചിട്ടും ആന പൂർണ്ണമായി മയങ്ങാൻ തയ്യാറായില്ല. വെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ അരമണിക്കൂറോളം ദൗത്യസംഘത്തെ കടുത്ത ആശങ്കയിലാഴ്ത്തി. തുടർന്ന് ബോട്ടിലെത്തിയ വനംവകുപ്പ് സംഘം ആനയെ കരയിലേക്ക് കയറ്റി.
കരയ്ക്ക് കയറിയ ചക്കക്കൊമ്പന്റെ അരികിലേക്ക് കുങ്കിയാനകളുമായി ദൗത്യസംഘം നടന്നടുത്തെങ്കിലും, അക്രമാസക്തനായ കൊമ്പൻ സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെടുന്ന നാടകീയ രംഗങ്ങൾക്കും പ്രദേശം സാക്ഷ്യം വഹിച്ചു. തുടർന്ന് ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വീണ്ടും മയക്കുവെടി വെക്കാൻ ശ്രമം നടത്തിയെങ്കിലും, ആന കാട്ടിലേക്ക് കയറിപ്പോയതും പ്രദേശത്ത് വെളിച്ചക്കുറവ് അനുഭവപ്പെട്ടതും തിരിച്ചടിയായി. ഇതോടെയാണ് ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതികൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടിരുന്നില്ല. തുടർച്ചയായ മൂന്നാം ദിവസവും ആന പിടിതരാതെ കാടുകയറിയതോടെ, തുടർനടപടികൾ ആലോചിച്ച ശേഷം മാത്രമേ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
The Forest Department has temporarily suspended its mission to radio-collar the wild elephant Chakkakomban in Chinnakanal, Idukki, after failing for the third consecutive day. Despite being hit with two tranquilizer darts near the 301 Colony, the elephant did not fully sedate; it entered the Anayirankal reservoir, later charged at the mission team, and retreated into the deep forest. The CCF announced that the operation is on hold until further notice.