മുൻ എംഎൽഎ പികെ ശശിയെ പുറത്താക്കി സിപിഐഎം

മുൻ എംഎൽഎ പികെ ശശിയെ പുറത്താക്കി സിപിഐഎം

സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും, ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം.
Published on

പാലക്കാട്: വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ, മുൻ എംഎൽഎ പികെ ശശിയെ പുറത്താക്കി സിപിഐഎം. ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും, ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം. പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പികെ ശശി പ്രതികരിച്ചു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു എന്നും, ഇനിയും കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പികെ ശശി പറഞ്ഞു.

പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, ഇന്ന് രാവിലെയായിരുന്നു സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഐഎം എത്തി എന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് പി കെ ശശി നടത്തിയത്. ഇത് വിമതരുടെ കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നും ശശി പറഞ്ഞിരുന്നു. മുദ്രാവാക്ക്യങ്ങളോടെയായിരുന്നു സദ്ദസിലുള്ളവർ ശശിയെ സ്വീകരിച്ചത്.

പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരൻ കയറിയിരിക്കുന്നത് എന്നായിരുന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ പി കെ ശശി ഉയർത്തിയ വിമർശനം. ജില്ലാ സെക്രട്ടറി സഖാക്കളെ തമ്മിൽ തെറ്റിക്കുകയാണെന്നും, ജില്ലാ സെക്രട്ടറി കാരണം പലരും പാർട്ടി വിരോധികളായി മാറി, മറ്റ് പാർട്ടികളിലേക്ക് പോയി എന്നും അദ്ദേഹം ആരോപിച്ചു. സ്പിരിറ്റ് കച്ചവടക്കാരനെ തള്ളിപ്പറഞ്ഞ് സിപിഐഎം സംസ്ഥാന നേതൃത്വം തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് വരുമെന്നും, ചെങ്കൊടി പിടിക്കുമെന്നും പി കെ ശശി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ മരിച്ചതോടെ പാർട്ടിയിൽ വൻ ശൂന്യതയാണെന്നാണ് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞത്. കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേർത്ത് പിടിച്ചിരുന്നു, എന്നാൽ ഇന്നത്തെ പ്രവർത്തകർക്ക് ആ ഭാ​ഗ്യം ഇല്ലാതായി പോയി എന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി ചെയർമാൻ സ്ഥാനം അടുത്തിടെയാണ് പി കെ ശശി രാജിവെച്ചത്‌. അദ്ദേഹം ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുണ്ടെന്നും, ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

English Summary: The CPIM has expelled former MLA P. K. Sasi after he attended and addressed a convention organised by dissidents in Palakkad. District secretary E. N. Suresh Babu said Sasi was removed from all party positions for criticising the State and district leadership.

Madism Digital
madismdigital.com