വീഴ്ചകള്‍ സമ്മതിച്ച് സിപിഎം, സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തിരുത്തി സംസ്ഥാന കമ്മിറ്റി, വര്‍ഗീയതയ്ക്കെതിരെ കടുത്ത നിലപാട്

'വെള്ളാപ്പള്ളി നടേശനോട് നേതാക്കള്‍ സ്വീകരിച്ച സമീപനം പാര്‍ട്ടിയെ നശിപ്പിച്ചു'
വീഴ്ചകള്‍ സമ്മതിച്ച് സിപിഎം, സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തിരുത്തി സംസ്ഥാന കമ്മിറ്റി, വര്‍ഗീയതയ്ക്കെതിരെ കടുത്ത നിലപാട്
Published on

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തിരുത്തി സംസ്ഥാന കമ്മിറ്റി. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പാളിച്ചയുണ്ടായെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. തെറ്റ് തിരുത്തലിനായി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച സംസ്ഥാന സമിതി യോഗം ചേരാന്‍ സിപിഎം തീരുമാനിച്ചു.

വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ടെന്നും തിരുത്തി മുന്നോട്ട് പോകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നടപടി ആദ്യമാണ്. പ്ലീനത്തിന് ഏറെക്കുറെ തുല്യമായ രീതിയാണിത്. പാര്‍ട്ടി ഏരിയാ തലം വരെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സെക്രട്ടറി എംവി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ, വര്‍ഗീയതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് കടുപ്പം പോരെന്നായിരുന്നു വിമര്‍ശനം.

വെള്ളാപ്പള്ളി നടേശനോട് നേതാക്കള്‍ സ്വീകരിച്ച സമീപനം പാര്‍ട്ടിയെ നശിപ്പിച്ചു. വര്‍ഗീയ വിഷയങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോയിട്ട് കാര്യമില്ല. അതിനാല്‍, വെള്ളാപ്പള്ളി വിഷയത്തില്‍ തെറ്റുസംഭവിച്ചിട്ടുണ്ടെന്ന തിരുത്തല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എസ്ഡിപിഐയോട് കാണിച്ച മൃദുസമീപനം പാര്‍ട്ടി നിലപാടിനെ ദുര്‍ബലമാക്കി. വര്‍ഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനും വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം അവസാനിപ്പിക്കാനും തീരുമാനിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കും. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളെ ശക്തമായി തള്ളിപ്പറയാനും, മുസ്ലിം ലീഗിന്റെ വര്‍ഗീയ സമീപനം തുറന്നു കാട്ടാനുമുള്ള തീരുമാനം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.

വീഴ്ചകള്‍ സമ്മതിച്ച് സിപിഎം, സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തിരുത്തി സംസ്ഥാന കമ്മിറ്റി, വര്‍ഗീയതയ്ക്കെതിരെ കടുത്ത നിലപാട്
സാധാരണക്കാരന് ഷോക്ക്, വൈദ്യുതി ബോര്‍ഡുകൾക്ക് ഇടിത്തീ; സോളാര്‍ വിപ്ലവത്തിന് തുരങ്കംവയ്ക്കുന്ന കേന്ദ്ര നയംമാറ്റം ആർക്കുവേണ്ടി?

തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായി. പയ്യന്നൂരില്‍ ആരോപണ വിധേയനായ ടിഐ മധുസൂദനനെ ഒഴിവാക്കേണ്ടതായിരുന്നു. ഗുരുതരമായ ആരോപണം നേരിട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പാര്‍ട്ടിക്കെതിരായ വിധിയെഴുത്തിന് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകള്‍ ഇത്തവണ കിട്ടിയില്ല. 2016ലും 2021ലും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചു. ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ലെന്നും ഭൂരിപക്ഷ വോട്ടുകളും വിചാരിച്ച പോലെ വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും വലിയ തെറ്റുണ്ടായെന്നും തിരുത്തി മുന്നോട്ട് പോകുമെന്നും സെക്രട്ടറി എംവി ഗോവിന്ദന്‍ കമ്മിറ്റിയില്‍ പറഞ്ഞു. ആഗസ്റ്റില്‍ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റു തിരുത്താന്‍ സംഘടനാപരമായ നടപടികളെടുക്കും. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനും ബഹുജന സ്വാധീനം വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും തീരുമാനിക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രണ്ടു ദിവസവും സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തെങ്കിലും സംസാരിച്ചില്ല.

English Summary: The CPM State Committee has revised the State Secretariat's report on the party's heavy defeat in the Assembly elections, incorporating critical observations raised during internal discussions. The revised report acknowledges lapses in candidate selection in Kannur, particularly in Thaliparamba and Payyannur, and admits that both district and state leadership failed in the process. The committee also decided to strengthen its stand against both majority and minority communalism, admitting that the party's approach towards controversial communal issues had weakened its political position

Madism Digital
madismdigital.com