തിരഞ്ഞെടുപ്പ് തോല്‍വിയിൽ എങ്ങനെ തിരുത്തണം? ചർച്ചചെയ്യാൻ സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബറില്‍

തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ തന്നെ വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം എടുത്തിരുന്നു
തിരഞ്ഞെടുപ്പ് തോല്‍വിയിൽ എങ്ങനെ തിരുത്തണം? ചർച്ചചെയ്യാൻ സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബറില്‍
Published on

നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ കടുത്ത തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് വഴിയൊരുങ്ങുന്നു. വീഴ്ചകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. സെപ്റ്റംബര്‍ 11, 12, 13 തീയതികളില്‍ കോഴിക്കോട് വച്ചോ അല്ലെങ്കില്‍ സെപ്റ്റംബര്‍ മധ്യത്തോടെ തിരുവനന്തപുരത്തോ യോഗം ചേരാനാണ് നിലവിലെ ആലോചന.

തീയതിയുടെയും വേദിയുടെയും കാര്യത്തില്‍ ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും. വിപുലീകൃത യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുതല്‍ മുകളിലേക്കുള്ള നേതാക്കളെയും വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികളെയും മാത്രമായിരിക്കും പങ്കെടുപ്പിക്കുക. ഏരിയ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ചര്‍ച്ച കൂടുതല്‍ സ്വതന്ത്രവും താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കുന്നതുമാകുമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിക്കണോ എന്നത് സംസ്ഥാന സമിതി തീരുമാനിക്കും. തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ തന്നെ വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം എടുത്തിരുന്നു. അത് ഓഗസ്റ്റ് രണ്ടാം വാരം നടത്താനായിരുന്നു അന്നത്തെ ധാരണ. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും മറ്റ് തിരക്കുകളും പരിഗണിച്ചുകൊണ്ടാണ് വിശാല സംസ്ഥാന സമിതി സെപ്റ്റംബറില്‍ ചേരാന്‍ ധാരണയായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയിൽ എങ്ങനെ തിരുത്തണം? ചർച്ചചെയ്യാൻ സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബറില്‍
ജെ പി പ്രസ്ഥാനത്തില്‍നിന്ന് സി ജെ പിയിലേക്ക്; ചരിത്രം ആവര്‍ത്തിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

തിരഞ്ഞെടുപ്പ് തോല്‍വിയിലും പാര്‍ട്ടി സംഘടനാ സംവിധാനത്തിലുണ്ടായ വീഴ്ചകളിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലുള്ളത്. കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടായ ഈ വിലയിരുത്തലുകളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇത് നിലവില്‍ പുരോഗമിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും.

അതേസമയം, ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. റസിഡന്റ് എഡിറ്റര്‍ എം.സ്വരാജാണ് വിവാദം വിശദീകരിച്ചത്. 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടിലുള്ള ലേഖനവുമായി ബന്ധപ്പെട്ടാണു വിവാദമുണ്ടായതെന്നു സ്വരാജ് അറിയിച്ചതായാണു വിവരം. വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള കവര്‍ സ്റ്റോറി ആദ്യ പേജില്‍ വരുമ്പോള്‍, അവസാന പേജില്‍ 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നത് അനാവശ്യ വ്യാഖ്യാനത്തിനും വിവാദത്തിനും ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി പിന്‍വലിക്കാന്‍ വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്നു സ്വരാജ് അറിയിച്ചതായാണു സൂചന. ലേഖനം പിന്‍വലിച്ച നടപടി ഉചിതമായെന്ന വിലയിരുത്തലാണു യോഗത്തിലുണ്ടായത്.

Summary

The CPM is set to convene an expanded State Committee meeting in September to review its crushing defeat in the Kerala Assembly elections and discuss organizational shortcomings. The meeting is expected to deliberate on the Central Committee's critical assessment of the state leadership and outline corrective measures. The State Secretariat also discussed the recent Deshabhimani weekly controversy, concluding that the withdrawal of the contentious article was appropriate.

Madism Digital
madismdigital.com