ദീപക്കിന്റെ മരണം; വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ

ആരോപണം വ്യാജമാണെന്നും തനിക്ക് വലിയ മനപ്രയാസം ഉണ്ടായതായും മകന്‍ സംസാരിച്ചുവെന്നു ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസ് മൊഴി നല്‍കിയിട്ടുണ്ട്
Deepak
Deepak
Published on

ബസ് യാത്രയ്ക്കിടയിൽ ലൈംഗീകാതിക്രമം ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ പോയതായി വിവരം. വടകര സ്വദേശിനിയായ ഷിംജിതയാണ് ആത്മഹത്യാ പ്രേരണകുറ്റത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുന്നത്.

മരണപ്പെട്ട ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷിംജിതയ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. അറസ്റ്റ് ഭയന്നാണ് യുവതി ഒളിവില്‍ പോയതയാണ് വിവരം. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ പകർത്താൻ യുവതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് പോലീസിന്റെ നീക്കം. ഇൻസ്റ്റഗ്രാം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്

മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിട്ടുണ്ട്. ആരോപണം വ്യാജമാണെന്നും തനിക്ക് വലിയ മനപ്രയാസം ഉണ്ടായതായും മകന്‍ സംസാരിച്ചുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസ് മൊഴി നല്‍കിയിട്ടുണ്ട്. ദീപക്കിന്റെ അടുത്ത സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിട്ടുണ്ട്.

ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും ഉണ്ടായിട്ടുണ്ട്. കേസ് നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിലായിരിക്കും കേസ് പരിഗണിക്കുന്നത്.

തൊഴിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കണ്ണൂരിലേക്കുള്ള യാത്ര ചെയ്യവേ ബസില്‍ വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തതോടെ അദ്ദേഹം മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ കിടപ്പു മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക രീതിയിലുള്ള വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്.

English Summary: Following the suicide of Deepak, who was accused in a viral harassment video, police have registered an abetment-to-suicide case against the complainant woman, who is now reportedly absconding.

Related Stories

No stories found.
Madism Digital
madismdigital.com