ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നത് വരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്
ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
Published on

സമൂഹ മാധ്യമങ്ങളിൽ ലൈംഗിക അതിക്രമം ആരോപിച്ച് വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവിൽ മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നത് വരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഷിംജിത ദീപക്കിനെ ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളും ഇതിലൂടെ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ വാദം.

എന്നാൽ ഷിംജിത കഴിഞ്ഞ 21 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വിശദീകരണം. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.

English Summary: The Kozhikode Principal Sessions Court will hear the bail plea of Shimjitha Musthafa, arrested in connection with the suicide of Deepak, following the circulation of a social media video.

Related Stories

No stories found.
Madism Digital
madismdigital.com