

സിപിഎം പ്രവർത്തകൻ ധൻരാജിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതി ടി പി ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവരുടെ കൊലക്കുറ്റമാണ് കോടതി തെളിഞ്ഞതായി കണ്ടെത്തിയത്. രണ്ടാം പ്രതിയും മൂന്നാം പ്രതിയും സഹോദരങ്ങളാണ്. അതേസമയം, സംശയത്തിന്റെ ആനുകൂല്യം നൽകിക്കൊണ്ട് നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയാണ് 17 പ്രതികളെ വെറുതെ വിട്ടത്. പ്രജീഷ് സജീവ സിപിഎം പ്രവർത്തകനാണെന്നും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സാക്ഷികളുടെ മൊഴികളുമായി പ്രജീഷിന്റെ മൊഴിക്ക് പൊരുത്തക്കേടുകളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. അതേസമയം, കൊല്ലപ്പെട്ട ധൻരാജിന്റെ അമ്മയുടെ സാക്ഷിമൊഴി കോടതി പൂർണമായും അംഗീകരിച്ചു. സംഭവസമയത്തെ മാനസികാവസ്ഥ പരിഗണിക്കുമ്പോൾ പ്രതികളിൽ ചിലരെ തിരിച്ചറിയാൻ കഴിയാതിരുന്നത് സ്വാഭാവികമാണെന്ന് കോടതി നിരീക്ഷിച്ചു.
സാക്ഷികൾ മാധ്യമവാർത്തകളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കൊലപാതകത്തിന്റെ ക്രൂരത ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിനെതിരെയും കോടതി രൂക്ഷമായ നിരീക്ഷണങ്ങൾ നടത്തി. ധൻരാജിന്റെ ശരീരത്തിൽ 37 വെട്ടുകളേറ്റതായി ചൂണ്ടിക്കാട്ടിയ കോടതി, ഇത് രാഷ്ട്രീയ സമരവുമായി ബന്ധപ്പെട്ട കേസല്ലെന്നും ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണെന്നും വ്യക്തമാക്കി.
'കൊല്ലാൻ ഒരു വെട്ട് മതിയല്ലേ?' എന്ന ചോദ്യമുയർത്തിയ കോടതി, ഇതിനെ ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനത്തോടാണ് ഉപമിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽപ്പെടില്ലെന്നും അതിനാൽ വധശിക്ഷ നൽകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ശിക്ഷയുടെ കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും പരമാവധി ശിക്ഷ നൽകുമെന്നും അറിയിച്ചു. ശിക്ഷ സംബന്ധിച്ച വാദം ഉച്ചയ്ക്കുശേഷം കേൾക്കും. അന്തിമ ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി.
The Thaliparamba Additional Sessions Court has found the first three accused guilty in the murder of CPM worker Dhanraj. Sixteen others were acquitted, given the benefit of the doubt. Citing the brutality of the murder, the court said it would award the maximum punishment.