"72 മണിക്കൂർ നീണ്ടുനിന്ന ഡ്യൂട്ടി. അതുകഴിഞ്ഞ് രാവിലെ, അർധബോധാവസ്ഥയിൽ കാറോടിച്ച് വീട്ടിലേക്ക് യാത്ര... ഒരു നിമിഷം അറിയാതെ കണ്ണടഞ്ഞു പോകുന്നു... അടുത്ത നിമിഷം ഒരു ബൈക്ക് യാത്രക്കാരനെയും കൂട്ടി വഴിയരികിലെ കല്ലിൻ കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുന്നു!"
ഡോക്ടേഴ്‌സ് ദിനമായ ഇന്ന്, മെഡിക്കൽ രംഗത്തെ ഞെട്ടിക്കുന്നതും എന്നാൽ ദശാബ്ദങ്ങളായി തുടരുന്നതുമായ ഒരു കഠിന യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ആഘോഷങ്ങൾക്കിടയിലും ഡോക്ടർമാരുടെ മാനസിക-ശാരീരിക അവസ്ഥയും നിലവിലെ ആരോഗ്യ സംവിധാനത്തിന്റെ പാകപ്പിഴകളും തുറന്നുകാട്ടുന്നതാണ് ഈ വൈകാരിക പ്രതികരണം.
വിശ്രമം ഇല്ലാതെ തുടർച്ചയായി 72 മണിക്കൂർ വരുന്ന ഡ്യൂട്ടി പിജി ഡോക്ടർമാരെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോ. സുൽഫി നൂഹുവിന്റെ കുറിപ്പ്. തന്റെ അനിയനായ, കാർഡിയോളജി വിഭാഗം പിജി വിദ്യാർത്ഥിക്കു സംഭവിച്ച നടുക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഡോ. സുൽഫി ഈ വ്യവസ്ഥിതിക്കെതിരെ വിരൽ ചൂണ്ടുന്നത്. അർധബോധാവസ്ഥയിൽ വണ്ടിയോടിച്ച് ഇരുപത്തി രണ്ടുകാരനെ ഇടിച്ചുതെറിപ്പിക്കേണ്ടി വന്ന അവസ്ഥ. ഭാഗ്യം കൊണ്ട് മാത്രമാണ് ആ യുവാവിന് ജീവൻ തിരിച്ചു കിട്ടിയത്. എന്നാൽ മറ്റൊരു ദിവസം, മറ്റൊരുവസരത്തിൽ എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാകണമെന്നില്ലെന്നും ഡോ. സുൽഫി പറയുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ഉറങ്ങിപ്പോയി അപകടത്തിൽപ്പെട്ട് ഡോക്ടർമാർ മരിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വിരളമല്ല. എന്നാൽ ഭവിഷ്യത്തുകൾ റോഡപകടങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് ഏറ്റവും വലിയ ആശങ്ക. ഗുരുതരമായ അവസ്ഥയിലുള്ള ഹൃദ്രോഗികളെ ഉൾപ്പെടെ പരിചരിക്കുകയും നിമിഷങ്ങൾക്കുള്ളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ട ഡോക്ടർമാർക്കുമേൽ അടിച്ചേൽപ്പിക്കുന്ന ഈ അമിതഭാരം സിസ്റ്റത്തിന്റെ വലിയ പാകപ്പിഴയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ വ്യവസ്ഥിതിക്കു മാറ്റം വരണമെങ്കിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് ഡോ. സുൽഫി നൂഹു വ്യക്തമാക്കുന്നു. മെഡിക്കൽ മേഖലയിൽ കൂടുതൽ കൂടുതൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടണം. ഒരു ഡോക്ടർക്കു നിശ്ചിതസമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കാനുള്ള ശാസ്ത്രീയമായ സംവിധാനം ആശുപത്രികളിലുണ്ടാകണം. അതിനായി ആദ്യം വേണ്ടത് ആരോഗ്യമേഖലയ്ക്കുള്ള സർക്കാരിന്റെ ബജറ്റ് വിഹിതം ഗണ്യമായി വർധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൂച്ചെണ്ടുകളും ആശംസകളും നൽകി ഡോക്ടേഴ്‌സ് ദിനം ആഘോഷിക്കുമ്പോൾ, അണിയറയിൽ ഉറക്കമില്ലാതെ, വിശപ്പില്ലാതെ, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരേപോലെ അപകടത്തിലാക്കി പണിയെടുക്കുന്ന ഒരു വിഭാഗത്തിന്റെ വിലാപമാണിത്. "കൊല്ലിക്കരുത്, ഞങ്ങളെ കൊലപാതകിയാക്കരുത്... പ്ലീസ്..." എന്ന അഭ്യർത്ഥനയോടെയാണ് ഡോക്ടർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
On National Doctors' Day, former IMA Kerala State President Dr. Sulphi Noohu shared a poignant and hard-hitting note exposing the grueling reality of the public healthcare system. Titled "Don't kill us, don't make us murderers," his message highlights the extreme physical and mental toll of severe overwork on medical professionals.