

പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ കെ അബ്ദുല്‍ ഹക്കീം മാഡിസം ഡിജിറ്റല്‍ എഡിറ്റര്‍-ഇന്‍-ചീഫായി ചുമതലയേറ്റു. സാഹിത്യ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ ദീര്‍ഘകാല അനുഭവസമ്പത്തുമായാണ് അദ്ദേഹം മാഡിസം ഡിജിറ്റലിന്റെ എഡിറ്റോറിയല്‍ നേതൃത്വത്തിലേക്ക് എത്തുന്നത്.
മാധ്യമം ദിനപത്രത്തില്‍ പ്രവര്‍ത്തിച്ച ഡോ. എ കെ അബ്ദുല്‍ ഹക്കീം, തുടര്‍ന്ന് അധ്യാപനരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായും 2016 മുതല്‍ സമഗ്രശിക്ഷ കേരള (എസ് എസ് കെ) കോഴിക്കോട് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. മേയ് 31-നാണ് സര്‍വിസില്‍നിന്ന് വിരമിച്ചത്. സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായിരുന്നു.
സാഹിത്യ-വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മാറുന്ന വിദ്യാഭ്യാസം, ചിരിയുടെ കൗശലം, എഴുത്ത് അഭിമുഖം നില്‍ക്കുന്നു, ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍, കവി മതം ആനന്ദാനുഭൂതിയോ?, പുതിയ ടീച്ചറും പുതിയ കുട്ടിയും, ഓണ്‍ലൈനിലെ സ്‌കൂള്‍ പഠനം, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകള്‍, കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ - ആര്‍ക്കാണ് വഴിതെറ്റുന്നത്?, ആഫ്രിക്കന്‍ യാത്രകളുടെ സാംസ്‌കാരിക ദൂരങ്ങള്‍, മാറിയ സ്‌കൂള്‍ പാഠങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍.
പ്രമുഖ എഴുത്തുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരുമായി നടത്തിയ അഭിമുഖസംഭാഷണങ്ങള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഭിന്നശേഷി മേഖലയിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള എന്‍ ഐ ഇ പി എ ദേശീയ പുരസ്‌കാരം, കാക്കനാടന്‍ പുരസ്‌കാരം, വി ടി കുമാരന്‍ പുരസ്‌കാരം, ജോസഫ് മുണ്ടശേരി പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലെയ്ഡന്‍ (നെതര്‍ലന്‍ഡ്സ്), ദാര്‍ എസ് സലാം (ടാന്‍സാനിയ) സര്‍വകലാശാലകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ച ഡോ. അബ്ദുല്‍ ഹക്കീം, 10 വര്‍ഷമായി കോഴിക്കോട്ട് സംഘടിപ്പിക്കപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലി(കെ എല്‍ എഫ്)ന്റെ ജനറല്‍ കണ്‍വീനറും കോഴിക്കോട് സാംസ്‌കാരിക വേദിയുടെ അധ്യക്ഷനുമാണ്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറിലും യു എ ഇയിലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും അതിഥിയായി പങ്കെടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും എം ജി സര്‍വകലാശാലയില്‍നിന്ന് ഒന്നാം ക്ലാസോടെ ബി എഡും നേടി. ഭാര്യ സീനത്ത് ടി എം (അധ്യാപിക). മക്കള്‍: അതുല്‍ ഇര്‍ഫാന്‍, ആമിന അഫ്രിന്‍.
Renowned writer, speaker, and education and cultural activist Dr. A. K. Abdul Hakeem has assumed charge as the Editor-in-Chief of Madism Digital. Bringing decades of experience across literature, education, and media, he joins the organization to lead its editorial vision and strengthen its commitment to credible, insightful, and impactful journalism.