

ചർമത്തിന് നിറം വർധിപ്പിക്കാനും മുഖക്കുരുവും കറുത്ത പാടുകളും മാറ്റാനും ഉപയോഗിക്കുന്ന വിലകുറഞ്ഞ സൗന്ദര്യവർധക ക്രീമുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. മെർക്കുറി പോലുള്ള മാരക വിഷാംശങ്ങൾ അടങ്ങിയ അംഗീകാരമില്ലാത്ത ഫേസ്ക്രീമുകളുടെ ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെപ്പോലും തകരാറിലാക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവം. അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ക്രീം മാസങ്ങളോളം ഉപയോഗിച്ചതാണ് പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. സംഭവം വലിയ ചർച്ചയായതോടെ ഇത്തരം അപകടകാരികളായ ഉത്പന്നങ്ങൾ കണ്ടെത്താൻ സംയുക്ത പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പും ആരോഗ്യവകുപ്പും.
സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായി പ്രാദേശിക വിപണിയിൽനിന്ന് വാങ്ങിയ ഫേസ്ക്രീം തുടർച്ചയായി ഉപയോഗിച്ചതോടെയാണ് പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ശരീരത്തിൽ നീര് വരികയും മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനകളിലാണ് വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. രക്തത്തിലും മൂത്രത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നിരുന്നു.
പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീം ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അനുവദനീയമായ അളവിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അധികം മെർക്കുറി അതിൽ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് വിപണിയിൽ വ്യാപകമായി വിൽക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അപകടസാധ്യത വീണ്ടും ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായി പ്രാദേശിക വിപണിയിൽനിന്ന് വാങ്ങിയ ഫേസ്ക്രീം തുടർച്ചയായി ഉപയോഗിച്ചതോടെയാണ് പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ശരീരത്തിൽ നീര് വരികയും മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനകളിലാണ് വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. രക്തത്തിലും മൂത്രത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നിരുന്നു.
പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീം ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അനുവദനീയമായ അളവിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അധികം മെർക്കുറി അതിൽ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് വിപണിയിൽ വ്യാപകമായി വിൽക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അപകടസാധ്യത വീണ്ടും ചർച്ചയാകുന്നത്.
ചർമത്തിന് നിറം നൽകുന്ന മെലാനിൻ എന്ന വർണവസ്തുവിന്റെ ഉത്പാദനത്തെ തടയാൻ മെർക്കുറിക്ക് കഴിയും. ഇതുവഴി ചർമത്തിന് പെട്ടെന്ന് നിറം വർധിച്ചതായും കറുത്ത പാടുകൾ കുറഞ്ഞതായും തോന്നാം. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം ലഭിക്കുമെന്ന വാഗ്ദാനമാണ് ഇത്തരം ക്രീമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
എന്നാൽ ഈ താൽക്കാലിക മാറ്റത്തിന് പിന്നിൽ ഗുരുതരമായ ആരോഗ്യഭീഷണികളാണുള്ളത്. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ സൗന്ദര്യവർധക ഉത്പന്ന നിയന്ത്രണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരം ഉത്പന്നങ്ങളിലെ മെർക്കുറി ഉപയോഗം കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.
നിർമാതാവിന്റെ വിവരങ്ങളോ ചേരുവകളുടെ പട്ടികയോ ഇല്ലാത്ത ക്രീമുകളിലും വ്യാജ ബ്രാൻഡ് പേരുകളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലുമാണ് അപകടകരമായ വിഷാംശങ്ങൾ കണ്ടെത്താനുള്ള സാധ്യത കൂടുതൽ. വിദേശനിർമിതമെന്ന വ്യാജേന വിപണിയിലെത്തുന്ന ക്രീമുകളും ആശങ്കയുയർത്തുന്നുണ്ട്.
ഓൺലൈൻ വിൽപ്പന സൈറ്റുകൾ, ഇൻസ്റ്റഗ്രാം പേജുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ചെറുകിട ഫാൻസി സ്റ്റോറുകൾ എന്നിവ വഴിയാണ് ഇത്തരം ഉത്പന്നങ്ങൾ പ്രധാനമായും ഉപഭോക്താക്കളിലെത്തുന്നത്. മതിയായ പരിശോധനകളോ ഗുണനിലവാര ഉറപ്പുകളോ ഇല്ലാതെയാണ് പല ഉത്പന്നങ്ങളും വിൽക്കപ്പെടുന്നത്.
ചർമത്തിൽ പുരട്ടുന്ന ക്രീമുകളിലൂടെ മെർക്കുറി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാം. ക്രീമിൽനിന്ന് പുറത്തുവരുന്ന ബാഷ്പം ശ്വസിക്കുന്നതിലൂടെയും വിഷാംശം ശരീരത്തിലെത്താൻ സാധ്യതയുണ്ട്. തുടർച്ചയായ സമ്പർക്കം വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നു: രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്ന വൃക്കകളിൽ മെർക്കുറി വിഷബാധ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. വൃക്കയിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിലൂടെ നെഫ്രോട്ടിക് സിൻഡ്രോം, വൃക്കസ്തംഭനം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാം.
നാഡീവ്യൂഹത്തെ ബാധിക്കുന്നു: കൈകാലുകൾക്ക് വിറയൽ, ഓർമക്കുറവ്, വിഷാദം, അമിതമായ ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾ മെർക്കുറി വിഷബാധയുടെ ഭാഗമായി ഉണ്ടാകാം. കാഴ്ചയെയും കേൾവിയെയും ബാധിക്കാനും സാധ്യതയുണ്ട്.
ചർമത്തിന് കൂടുതൽ ദോഷം: തുടക്കത്തിൽ നിറം വർധിച്ചതായി തോന്നാമെങ്കിലും ദീർഘകാല ഉപയോഗം ചർമത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ബാധിക്കും. അലർജി, അണുബാധ, നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം.
ഗർഭസ്ഥ ശിശുവിനും ഭീഷണി: ഗർഭിണികളിൽ മെർക്കുറി വിഷബാധയുണ്ടാകുന്നത് ഗർഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. കുട്ടികളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കാം.
സംസ്ഥാനത്ത് നേരത്തേ നടത്തിയ 'ഓപ്പറേഷൻ സൗന്ദര്യ' ഉൾപ്പെടെയുള്ള പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ വ്യാപകമാക്കാനാണ് അധികൃതരുടെ നീക്കം.
ഫാൻസി സ്റ്റോറുകൾ, കോസ്മെറ്റിക് കടകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും. സംശയാസ്പദമായ ക്രീമുകളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലൈസൻസില്ലാതെയും ചേരുവകളുടെ വിവരങ്ങൾ വ്യക്തമാക്കാതെയും ഓൺലൈൻ വഴി സൗന്ദര്യവർധക ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.
സൗന്ദര്യവർധക ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വിലയും പരസ്യവാഗ്ദാനങ്ങളും മാത്രം പരിഗണിക്കരുത്. ഉത്പന്നത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.
പെട്ടെന്നുള്ള ഫലവാഗ്ദാനങ്ങളിൽ വീഴരുത്: ഒരാഴ്ചയ്ക്കുള്ളിൽ നിറം വർധിപ്പിക്കുമെന്നോ ഏതാനും ദിവസങ്ങൾക്കുള്ളിൽ പാടുകൾ പൂർണമായി മാറ്റുമെന്നോ അവകാശപ്പെടുന്ന ക്രീമുകൾ ഒഴിവാക്കുക.
ലേബൽ പരിശോധിക്കുക: നിർമാതാവിന്റെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി, ചേരുവകളുടെ പട്ടിക എന്നിവ പാക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അപകടകരമായ ചേരുവകൾ തിരിച്ചറിയുക: Mercurous Chloride, Calomel, Mercuric, Mercurio, Mercury തുടങ്ങിയ പേരുകൾ ചേരുവകളുടെ പട്ടികയിലുണ്ടെങ്കിൽ ഉത്പന്നം ഉപയോഗിക്കരുത്.
ഓൺലൈൻ പരസ്യങ്ങൾ മാത്രം വിശ്വസിക്കരുത്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രചാരണങ്ങളിൽ ആകൃഷ്ടരായി വിശ്വാസ്യതയില്ലാത്ത വെബ്സൈറ്റുകളിൽനിന്നോ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽനിന്നോ ക്രീമുകൾ വാങ്ങരുത്.
ഡോക്ടറുടെ നിർദേശം തേടുക: മുഖക്കുരു, കരിമംഗല്യം, കറുത്ത പാടുകൾ തുടങ്ങിയ ചർമപ്രശ്നങ്ങൾക്ക് സ്വയം ചികിത്സ നടത്താതെ അംഗീകൃത ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം തേടുക.
സൗന്ദര്യം എന്നത് ചർമത്തിന്റെ വെളുത്ത നിറമല്ല, ആരോഗ്യവും സ്വാഭാവികതയുമാണ്. താൽക്കാലിക സൗന്ദര്യവർധനയ്ക്കുള്ള മോഹത്തിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ വിലകൊടുത്ത് വാങ്ങാതിരിക്കാൻ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതും സുരക്ഷിതമായ ചർമസംരക്ഷണ രീതികൾ പിന്തുടരുന്നതുമാണ് പ്രധാനം.
Mercury and other toxic substances found in low-cost cosmetic creams can cause serious health problems. In a recent case, a 17-year-old developed kidney disease after using a cream that impaired her kidney function. The state government is tightening inspections to identify and seize such dangerous products.