സോണിയ ഗാന്ധി വിളിച്ചു, ആന്റണി പറഞ്ഞു; കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി

കേരളത്തില്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകരുത് എന്നായിരുന്നു എ.കെ ആന്റണി സോണിയാ ഗാന്ധിക്ക് നല്‍കിയ പ്രധാന ഉപദേശം
സോണിയ ഗാന്ധി വിളിച്ചു, ആന്റണി പറഞ്ഞു; കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി
Published on

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്. സോണിയാ ഗാന്ധിയുടെ ഇടപെടലാണ് ഈ നിര്‍ണായക പ്രശ്‌നത്തിന് പരിഹാരം കണ്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി അവര്‍ തന്റെ ഏറ്റവും വിശ്വസ്തനും പഴയ സുഹൃത്തുമായ എ.കെ ആന്റണിയെയാണ് ഫോണില്‍ വിളിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൂന്ന് നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലായത്. നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി അഭിപ്രായം തേടുകയും ചെയ്തു. എല്ലാവരെയും കേട്ട രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം നീട്ടിവെച്ചു.

ഈ സാഹചര്യത്തിലാണ് 'ഇന്ത്യ' സഖ്യത്തിന്റെ അധ്യക്ഷയായ സോണിയ ഗാന്ധി ഇടപെടുന്നത്. സോണിയാ ഗാന്ധി എ.കെ ആന്റണിയെ വിളിച്ചു. ആ ഒരൊറ്റ ഫോണ്‍ സംഭാഷണമാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിച്ചത്. 2004-ല്‍ രാം വിലാസ് പാസ്‌വാന്റെ അടുത്തേക്ക് നേരിട്ട് നടന്നുചെന്ന് യു.പി.എ സഖ്യത്തിന് രൂപം നല്‍കിയ കോണ്‍ഗ്രസിന്റെ ആ പഴയ തന്ത്രജ്ഞയുടെ തിരിച്ചുവരവിനും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.

സോണിയ ഗാന്ധി വിളിച്ചു, ആന്റണി പറഞ്ഞു; കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി
'തിരിച്ചടിയിലും നയിക്കട്ടെ', പിണറായി പ്രതിപക്ഷ നേതാവ്

കേരളത്തില്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകരുത് എന്നായിരുന്നു എ.കെ ആന്റണി സോണിയാ ഗാന്ധിക്ക് നല്‍കിയ പ്രധാന ഉപദേശം. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഒരു എം.എല്‍.എ സ്ഥാനം ഒഴിയേണ്ടി വരും. കൂടാതെ, അദ്ദേഹം നിലവില്‍ പാര്‍ലമെന്റ് അംഗമായതിനാല്‍ ഒരു ലോക്സഭാ ഉപതിരഞ്ഞെടുപ്പും വേണ്ടിവരും. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇത്തരം ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രവചനാതീതമായിരിക്കുമെന്നും കോണ്‍ഗ്രസ് ഇത്തരം സാഹസത്തിന് മുതിരരുത് എന്നും ആന്റണി സോണിയാ ഗാന്ധിയോട് പറഞ്ഞു.

ജനങ്ങള്‍ വോട്ട് ചെയ്തത് വി.ഡി സതീശന് വേണ്ടിയാണെന്നും മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അദ്ദേഹത്തോടാണ് താല്‍പര്യമെന്നും ആന്റണി വ്യക്തമാക്കി. അതിനാല്‍ ഡല്‍ഹിയില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭാഷണമാണ് കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വഴിത്തിരിവായത്. ഇതോടെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയാ ഗാന്ധി അന്തിമ തീരുമാനമെടുത്തു.

തുടര്‍ന്ന് കെ.സി വേണുഗോപാലിനോട് സംസാരിക്കാനും ഡല്‍ഹിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടാനും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചുമതലപ്പെടുത്തി. വി.ഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി നിശ്ചയിച്ചു. കേരളത്തിലെത്തുന്ന എഐസിസി നിരീക്ഷകരുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളുടെയും സാന്നിധ്യത്തില്‍ വി.ഡി സതീശനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനും തീരുമാനമായി.

English Summary: Following the assembly election results, the Congress party in Kerala faced a deadlock. With three potential candidates vying for the top post, observers and Rahul Gandhi held multiple rounds of talks, but a consensus remained elusive. To resolve the crisis, Sonia Gandhi stepped in, reaching out to her most trusted veteran leader, AK Antony. Known for his integrity and deep understanding of Kerala politics, Antony provided the strategic clarity needed to break the stalemate.

Madism Digital
madismdigital.com