

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ സൗജന്യ റേഷൻ കൈപ്പറ്റുന്നവരിൽ വലിയൊരു വിഭാഗം അർഹരല്ലെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പഠനം. രാജ്യത്തെ ആകെ ഗുണഭോക്താക്കളിൽ 13.2 ശതമാനം പേരും മാനദണ്ഡങ്ങൾ പാലിക്കാത്തവരാണെന്നാണ് കണ്ടെത്തൽ. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 51,303 കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമായത്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ അനർഹർ റേഷൻ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവിടെ 39.5 ശതമാനം ഗുണഭോക്താക്കളും പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ത്രിപുരയിൽ 39.2 ശതമാനവും തമിഴ്നാട്ടിൽ 38.7 ശതമാനവും മേഘാലയയിൽ 28.5 ശതമാനവും ബിഹാറിൽ 25.5 ശതമാനവും ഒഡീഷയിൽ 22.9 ശതമാനവുമാണ് അനർഹരുടെ നിരക്ക്. അതേസമയം, ജമ്മു കശ്മീരിൽ 0.3 ശതമാനവും മധ്യപ്രദേശിൽ 0.5 ശതമാനവും ഹരിയാനയിലും ഡൽഹിയിലും ഒരു ശതമാനവും രാജസ്ഥാനിൽ 1.8 ശതമാനവുമാണ് ഈ നിരക്ക്.
സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലുള്ള കുടുംബങ്ങൾ പോലും സൗജന്യ റേഷൻ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. മൂന്ന് മുറികളോ അതിലധികമോ ഉള്ള കോൺക്രീറ്റ് വീടുകൾ, കാർ, എയർ കണ്ടീഷണർ തുടങ്ങിയ സൗകര്യങ്ങളുള്ളവരും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുള്ളവരും ഗുണഭോക്തൃ പട്ടികയിലുണ്ട്. സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള അർഹതാ മാനദണ്ഡങ്ങൾ മറികടന്നാണ് ഇവർ ആനുകൂല്യം നേടുന്നത്.
ഗ്രാമീണ മേഖലകളിൽ അനർഹരായ ഗുണഭോക്താക്കളുടെ നിരക്ക് 12.5 ശതമാനമാണെങ്കിൽ നഗരപ്രദേശങ്ങളിൽ ഇത് 15.6 ശതമാനമാണ്. ഏറ്റവും ദരിദ്രരായ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള അന്ത്യോദയ അന്ന യോജനയിൽ 12.2 ശതമാനവും മുൻഗണനാ വിഭാഗത്തിൽ 13.4 ശതമാനവും അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇത്തരം കുടുംബങ്ങളുടെ സാന്നിധ്യം കൂടുതലുള്ളത്.
സൗജന്യ റേഷൻ വിതരണത്തിലെ ഈ പിഴവ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ബാധ്യതയിലും പ്രതിഫലിക്കുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന്റെ ആകെ സബ്സിഡി ചെലവ് 4.69 ലക്ഷം കോടി രൂപയാണ്. ഇതിൽ 2.28 ലക്ഷം കോടി രൂപയും ഭക്ഷ്യസബ്സിഡിക്കായാണ് മാറ്റിവെച്ചത്. അർഹരല്ലാത്തവർക്ക് ആനുകൂല്യം ലഭിക്കുന്നത് ഒഴിവാക്കി യഥാർഥത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് പദ്ധതി എത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഗുണഭോക്തൃ പട്ടിക നിശ്ചിത ഇടവേളകളിൽ പുനഃപരിശോധിക്കുക, ആധാർ അധിഷ്ഠിത പരിശോധന ശക്തമാക്കുക, യോഗ്യതാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുക എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ. അനർഹരെ ഒഴിവാക്കി പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.
A central government study has found that 13.2% of beneficiaries under the free ration scheme are ineligible. The list includes financially well-off families, government employees and luxury car owners. The report highlights the need to weed out ineligible beneficiaries and ensure that assistance reaches those who genuinely need it.