ആവേശമായി പ്രകാശ് രാജും അഭിജീത്ത് ദീപ്കെയും; പ്രതിഷേധമിരമ്പി ജന്തർ മന്തർ @കൊച്ചി

മറൈൻ ഡ്രൈവിൽനിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് റാലി ആരംഭിച്ചത്
ആവേശമായി പ്രകാശ് രാജും അഭിജീത്ത് ദീപ്കെയും; പ്രതിഷേധമിരമ്പി ജന്തർ മന്തർ @കൊച്ചി
Published on: 

എസ്‌ഐആർ നടപടികൾ റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന ജന്തർ മന്തർ@ കൊച്ചി പ്രതിഷേധ റാലിക്ക് തുടക്കമായി. മറൈൻ ഡ്രൈവിൽനിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് റാലി ആരംഭിച്ചത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധത്തിൽ പങ്കെടുത്തു.

റാലിയിൽ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയും കൊച്ചിയിലെത്തി. രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെ ക്ഷണിച്ചതുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കേണ്ടത് അനിവാര്യമാണ്. അദ്ദേഹം തലപ്പത്തിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വസിക്കാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മാത്രമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത്', അഭിജീത് ദീപ്‌കെ ആരോപിച്ചു.

ഡൽഹിയിലെ അറസ്റ്റിന് പിന്നാലെ ആദ്യ പ്രധാന പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സംഘടന നടത്തുന്ന ആദ്യത്തെ പ്രധാന പ്രതിഷേധ പരിപാടിയാണ് കൊച്ചിയിലേത്.

പ്രതിഷേധങ്ങളെ തടയാൻ ശ്രമിച്ചാൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നായിരുന്നു നേരത്തെ പ്രകാശ് രാജിന്റെ പ്രതികരണം. റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യവും തെരുവുകളും ജനങ്ങളുടേതാണെന്നും അവിടെ പ്രതിഷേധങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധം അനുവദിക്കാതിരുന്നാൽ 'ഹർ ഘർ ജന്തർ മന്തർ' എന്ന നിലയിലേക്ക് പ്രതിഷേധം വ്യാപിക്കുമെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നൽകിയിരുന്നു.

'ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ല, പൗരന്മാരുടെ പോരാട്ടം'

രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധത്തിൽ സംസാരിച്ചത്. 'ചായ പേ ചർച്ച'യ്ക്ക് പകരം 'കോഫി പേ ചർച്ച' മതിയെന്നും അദ്ദേഹം പരിഹസിച്ചു. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ 'കോക്രോച്ചുകൾ' എന്ന് വിളിക്കുകയും ചോദ്യം ചോദിക്കുന്ന യുവാക്കളെ മർദിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൗരന്മാരുടെ വോട്ടവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ജനങ്ങളാണ് സർക്കാരിനെ തെരഞ്ഞെടുക്കുന്നതെന്നും രാജ്യവ്യാപകമായി നടക്കുന്നത് വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിജെപിയുടെ പ്രതിഷേധം രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണെന്നും പ്രകാശ് രാജ് അവകാശപ്പെട്ടു. 'നിങ്ങൾക്ക് എന്നെ ആന്തോളൻ ജീവിയെന്നോ ദിമാഗി നക്‌സലെന്നോ വിളിക്കാം. എന്നാൽ എന്റെ പോരാട്ടം രാജ്യത്തിന് വേണ്ടിയാണ്', എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.