

കണ്ണൂര്‍: ബിജെപിയിലേക്ക് കൂടുമാറില്ലെന്ന് എംപിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ആരുടെയോ പരാതിയുണ്ടെന്നും ആ പരാതിയാണ് മത്സരിക്കാന്‍ തടസ്സമായതെന്നും സുധാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെഎസ്സിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഗാന്ധിയോടും മല്ലികാര്‍ജുന്‍ ഖര്‍ഗെയോടും മത്സരിക്കുന്ന കാര്യത്തില്‍ അനുവാദം ചോദിച്ചിരുന്നു, ഇരുവരും സമ്മതം മൂളുകയും ചെയ്തതാണ്. പരാതിയാണ് തടസ്സം സൃഷ്ടിച്ചത്. അത് നല്‍കിയത് ആരാണെന്ന് എനിക്കറിയാം. പക്ഷേ പരസ്യമായി പേര് പറയുന്നില്ല. സുധാകരന്‍ വ്യക്തമാക്കി.
സീറ്റ് നിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് മുഴുവന്‍ ശക്തമായ വിമത സാന്നിധ്യമാവുമെന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന വാര്‍ത്ത ആരാണുണ്ടാക്കിയതെന്ന് എനിക്കറിയില്ല. അതൊക്കെ അവാസ്തവമായ വാര്‍ത്തകള്‍ മാത്രമാണ്. അപവാദ പ്രചരണത്തിന് തുല്യമായിട്ടാണ് അതിന് കാണുന്നത്. സുധാകരന്‍ പറഞ്ഞു. അതേസമയം കണ്ണൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന വസ്തുതയും അദ്ദേഹം തുറന്നുപറഞ്ഞു.
നിയമസഭ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ്. അവിടെ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പാര്‍ലമെന്റില്‍ പോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന കാര്യമാണത്. നമ്മുടെ നാട്ടിലെ അസംബ്ലിയില്‍ പോയി അവിടുള്ളവരുമായി സഹകരിച്ച്, നാടിന്റെ വികസനത്തില്‍ പങ്കാളിയാവണമെന്നായിരുന്നു ആഗ്രഹം. പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെന്നായിരുന്നു ആഗ്രഹം, അതിന് വേണ്ടിയാണ് നിയമസഭയില്‍ പോകണമെന്ന് പറഞ്ഞത്. മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. സുധാകരന്‍ വ്യക്തമാക്കി.
English Summary: K. Sudhakaran stated that he will not join the Bharatiya Janata Party and claimed his denial of a seat was due to a complaint. He also clarified that reports about fielding rebel candidates across constituencies are baseless.