കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്; നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി കെ. സുധാകരന്റെ കുറിപ്പ്

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്; നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി കെ. സുധാകരന്റെ കുറിപ്പ്
Published on

കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകുമെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഡൽഹിയിൽ ഇന്ന് നടക്കാനിരിക്കുന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കാളിയാകാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങിയിരുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നെങ്കിലും അനുകൂല നിലപാടല്ല ലഭിച്ചത്. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തോട് കടുത്ത വിയോജിപ്പാണെന്ന് സംസ്ഥാനത്തെ നേതാക്കൾ അറിയിച്ചിട്ടുള്ളത്, നേതൃത്വവുമായി കൂടിയാലോചിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർത്ഥിയാവാനുള്ള ആ​ഗ്രഹം പരസ്യ നിലപാടെടുത്തതും സുധാകരന് വിനയായിട്ടുണ്ട്.

എംപിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് ഹൈക്കമാൻഡ് ഇതുവരെ സമ്മതം മൂളിയിട്ടില്ല. കെ സുധാകരനെ കൂടാതെ കെ സി വേണു​ഗോപാൽ, ഷാഫി പറമ്പിൽ എന്നിവരും മത്സരിക്കാനുള്ള സാധ്യതകൾ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. മുതിർന്ന നേതാവെന്ന നിലയിൽ സുധാകരനെ അനുനയിപ്പിക്കാൻ ചർച്ചകൾ നേതൃത്വം ഇടപെട്ട് നടക്കുന്നുണ്ട്. ഇതിനിടെയാണ് കെ സുധാകരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് പിണങ്ങി മടങ്ങിയത്. അതേസമയം കെ സുധാകരനടക്കം മൂന്ന് എംപിമാർ മത്സരിക്കാനുള്ള ആഗ്രഹം അറിയിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന.

കെ. സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.

English Summary: K. Sudhakaran publicly expressed dissatisfaction with the party leadership after indications that MPs may not be allowed to contest the upcoming assembly elections. In a strong message about Kannur, the senior Indian National Congress leader said he would always stand in the forefront to protect the party and its supporters.

Related Stories

No stories found.
Madism Digital
madismdigital.com