കണ്ണൂർ: നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നടത്തിയ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ തന്നെ കോൺഗ്രസിന് വേണ്ടി മത്സരിക്കും. എംപിമാർ മത്സരിക്കണ്ട എന്ന ഹൈക്കമാൻഡ് തീരുമാനത്തോട് വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു കെ സുധാകരൻ. കണ്ണൂർ സീറ്റില്ലാതെ ഡൽഹിയിൽ നിന്ന് മടക്കമില്ലെന്ന പിടിവാശിയിൽ ഫ്ലാറ്റിൽ തുടരുകയായിരുന്നു അദ്ദേഹം. എന്നാൽ പാർട്ടി തന്നെ വിട്ട്, ബിജെപിയിൽ പോകാൻ സാധ്യതയുണ്ടെന്ന തരത്തിലെ അഭ്യൂഹങ്ങൾ കൂടി ഉടലെടുത്തതോടു കൂടി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എകെ ആന്റണി ഇടപെടുകയായിരുന്നു. തന്റെ ഇടപെടലോടു കൂടിയാണ് കെ സുധാകരന്റെ ആവശ്യപ്രകാരം പാർട്ടിയ്ക്ക് വഴങ്ങേണ്ടി വന്നതെന്നും കണ്ണൂർ സീറ്റ് നൽകിയതെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡ് കടുപ്പിച്ചതോടെ ഇന്നലെ രാത്രി തന്നെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച കെ സുധാകരൻ പാർട്ടി വിടുകയാണെന്ന് അറിയിച്ചിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ വഴിക്കും, ഞാന്‍ എന്റെ വഴിക്കും നടക്കാം', എന്നായിരുന്നു കെ സുധാകരന്‍ സംസാരിച്ചത്. കൂടാതെ, സംസ്ഥാന വ്യാപകമായുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണ ഉണ്ടെന്നും തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരന്റെ മുന്നറിയിപ്പു നൽകിയിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരനും പാർട്ടിയും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. അനുനയ ചർച്ചകൾക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടും കണ്ണൂരിൽ മത്സരിക്കണമെന്നുള്ള തീരുമാനത്തിൽ തുടർന്ന സുധാകരൻ അനുനയത്തിന് വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുപ്പിച്ചതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി വിടുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ചതും. ഇതോടുകൂടി സുധാകരന് മുന്നിൽ കോൺഗ്രസിന് മുട്ടുമടക്കേണ്ടി വന്നു.
English Summary: K. Sudhakaran secured the Kannur seat after the Indian National Congress relented following internal pressure. Intervention by A. K. Antony played a key role, as Sudhakaran stood firm on contesting despite the high command’s stance against MPs participating in Assembly elections.