

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ചകളിൽ അതൃപ്തി പ്രകടമാക്കി കെ. സുധാകരൻ എംപി. ഡൽഹിയിൽ ഇന്ന് നടക്കാനിരിക്കുന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കാളിയാകാതെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് കടുത്ത വിയോജിപ്പാണെന്ന് സംസ്ഥാനത്തെ നേതാക്കൾ അറിയിച്ചു, നേതൃത്വവുമായി കൂടിയാലോചിക്കാതെ മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർത്ഥിയാവാനുള്ള ആഗ്രഹം പരസ്യ നിലപാടെടുത്തതും സുധാകരന് വിനയായിട്ടുണ്ട്.
എംപിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് ഹൈക്കമാൻഡ് ഇതുവരെ സമ്മതം മൂളിയിട്ടില്ല. കെ സുധാകരനെ കൂടാതെ കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ എന്നിവരും മത്സരിക്കാനുള്ള സാധ്യതകൾ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. മുതിർന്ന നേതാവെന്ന നിലയിൽ സുധാകരനെ അനുനയിപ്പിക്കാൻ ചർച്ചകൾ നേതൃത്വം ഇടപെട്ട് നടക്കുന്നുണ്ട്. ഇതിനിടെയാണ് കെ സുധാകരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് പിണങ്ങി മടങ്ങിയത്. അതേസമയം കെ സുധാകരനടക്കം മൂന്ന് എംപിമാർ മത്സരിക്കാനുള്ള ആഗ്രഹം അറിയിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന.
അതേസമയം, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ചേരുന്ന സ്കാനിംഗ് കമ്മിറ്റി ഇന്ന് കൂടുതൽ മണ്ഡലങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്തും. ഡൽഹിയിൽ തുടരുന്ന ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പുറമെ വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കാളികളാകും. തിരുവനന്തപുരം ജില്ലയിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകളാണ് ഉയർന്നു വരുന്നതെന്നാണ് റിപ്പോർട്ടുകൾ.
English Summary: K. Sudhakaran expressed dissatisfaction over seat discussions ahead of the Kerala Legislative Assembly election and returned to Kerala from Delhi without attending the candidate selection meeting.