'സ്വന്തം മുഖം വികൃതമായതിന് രാഹുലിനെ പഴിക്കേണ്ട'; സിപിഎമ്മിനെതിരെ കെ സി വേണുഗോപാൽ

പരാജയത്തിൻ്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്.
'സ്വന്തം മുഖം വികൃതമായതിന് രാഹുലിനെ പഴിക്കേണ്ട'; സിപിഎമ്മിനെതിരെ കെ സി വേണുഗോപാൽ
Published on

രാഹുൽ ഗാന്ധിയുടെ കെട്ടിപ്പിടിക്കൽ പരാമർശത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെ സി വേണുഗോപാൽ എംപി. സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ല. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമാണ് സിപിഎം നടത്തിയതെന്നും വേണുഗോപാൽ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേണുഗോപാലിന്റെ വിമർശനം.

കേരളം വിട്ടാൽ കോൺഗ്രസിൻെറയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയായി മാറിയ സിപിഎം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ തയ്യാറായത് സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

സിപിഎമ്മിൻ്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം സങ്കുചിത കാഴ്ചപ്പാട് മാത്രമാണ്. കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തുന്നതിന് പകരം രാഹുൽഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങളാകുമെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. 

Madism Digital
madismdigital.com