

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് നിർണായക പദ്ധതികളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അപകടത്തിൽപ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യ അഞ്ച് ദിവസത്തേക്ക് പണരഹിത ചികിത്സ ലഭ്യമാക്കും. പദ്ധതി നടപ്പിലാക്കുക രജിസ്റ്റർ ചെയ്യപ്പെട്ട സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലുമായിരിക്കും. അപകടത്തിൽപ്പെട്ട് അടിയന്തര ചികിത്സ തേടിയെത്തുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസത്തേക്ക് പണമൊന്നും നൽകാതെ തന്നെ പദ്ധതി വഴി ചികിത്സ ലഭിക്കും. പദ്ധതിക്കായി 15 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് പഠിക്കുന്ന 1 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കും. ഇതിനായി 15 കോടി മാറ്റിവെക്കും.
മെഡിസെപ്പ് 2.0 ആണ് മറ്റൊരു നിർണായക പ്രഖ്യാപനം. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിക്കപ്പെട്ട മെഡിസെപ്പ് നവീകരിച്ചാണ് 2.0 പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയിൽ കൂടുതൽ ആശുപത്രികളും പാക്കേജുകളും ഉണ്ടായിരിക്കും. ഈ വർഷം ഫെബ്രുവരി ഒന്ന് മുതൽ മെഡിസെപ്പ് 2.0 പദ്ധതി നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അസംഘടിത തൊഴിൽ മേഖലയിൽ ഇൻഷൂറൻസ് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകട ലൈഫ് ഇൻഷുറസ് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഹരിതകർമ സേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ക്ഷേമനിധി അംഗളായ ലോട്ടറി തൊഴിലാളികൾ എന്നിവർക്കിടയിലും ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും.
English Summary: In the Kerala Budget, Finance Minister K.N. Balagopal announced major health initiatives: free treatment for the first 5 days for accident victims in selected government and private hospitals (₹15 crore allocated), accident life insurance for students from Class 1 to Plus Two (₹15 crore), and the launch of MediSep 2.0 from February 1 with expanded hospitals and packages for government employees and pensioners.