

കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്നും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ വൈകുന്ന സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഡി. സുധകറിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി പോയ മല്ലിഗാര്‍ജുന്‍ ഖര്‍ഗെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും മടങ്ങിയെത്തുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കാമെന്ന അഭ്യൂഹങ്ങളും ഇതോടെ ഡല്‍ഹിയില്‍ പ്രചരിക്കുന്നുണ്ട്.
വി.ഡി സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഖര്‍ഗെയെ കൂടാതെ രാഹുല്‍ ഗാന്ധിയും എഐസിസി പ്രതിനിധി ദീപാ ദാസ് മുന്‍ഷിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്കും ഖര്‍ഗെയ്ക്കും മുന്നില്‍ വെച്ചതായി ദീപാ ദാസ് മുന്‍ഷ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെയോടെ വി.ഡി സതീശന്‍ കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഹൈക്കമാന്‍ഡ് കെ.സി വേണുഗോപാലിന്റെ നീക്കങ്ങള്‍ക്കാണ് പച്ചക്കൊടി വീശുകയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. അതേസമയം ലീഗിന്‍റെ പിന്തുണയും നിലവില്‍ നടക്കുന്ന സൈബർ, ഇതര ക്യാംപെയ്നുകളും വി.ഡിക്ക് അനുകൂലമാണെന്ന ഘടകവും ഹൈക്കമാന്‍ഡ് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രി കസേര കെ.സി ആവശ്യമില്ലെന്ന് തീരുമാനിച്ചാല്‍ അദ്ദേഹം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കെ.സിക്കൊപ്പം എംഎല്‍എമാരുടെ പിന്തുണ കൂടെയുണ്ട് എന്നുള്ളത് നിര്‍ണായകമാണ്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിക്കുമ്പോഴും പിന്തുണ തേടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
English Summary: The Indian National Congress high command is likely to delay the Kerala Chief Minister announcement again, as discussions between Mallikarjun Kharge and Rahul Gandhi are yet to conclude. Internal differences and strategic calculations involving leaders like V. D. Satheesan, Ramesh Chennithala, and K. C. Venugopal are contributing to the delay, increasing cadre dissatisfaction.