

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്ത മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രയില്‍ വിവാദം കൊഴുക്കുന്നു. മുഖ്യമന്ത്രിയുടെ യാത്രയില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലും വിമാന യാത്ര, മന്ത്രിമാരുടെ വിദേശയാത്രക എന്നിവയുടെ സ്‌പോണ്‍സര്‍ഷിപ്പുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി നിലപാടെടുത്തതോടെയാണ് വിവാദം ശക്തമായത്. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാദം
മലപ്പുറം യാത്രയ്ക്ക് ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചത് അടിയന്തര സാഹചര്യത്തില്‍ ആയിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ വാദം. യാത്ര മൂലം സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപപോലും സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് പതിവാണ്. ഇത് മുന്‍ മുഖ്യമന്ത്രിയും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചെയ്യാറുള്ളത് തന്നെയാണെന്നും അദ്ദേഹം ന്യായീകരിച്ചു.
ഒരു സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലാണ് യാത്ര നടത്തിയത്. ഇതിന്റെ പേരില്‍ ആര്‍ക്കും ഔദാര്യം ചെയ്തുകൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കരുതി ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ഇനിയും വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് വാര്‍ത്താസമ്മേളത്തില്‍ ചെയ്തത്.
വിദേശ യാത്രകള്‍ നടത്തുമ്പോള്‍ സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന് മാത്രമാണ് താന്‍ നോക്കാറുള്ളത് എന്നായിരുന്നു മന്ത്രിമാരുടെ വിദേശ യാത്രകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒരുപാട് തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും, ഒരു തവണ പോലും സര്‍ക്കാരിന്റെ പൈസ ഉപയോഗിച്ചിട്ടില്ല. അധിക ചെലവ് ഒഴിവാക്കാനായി ഡല്‍ഹിക്ക് പോകുമ്പോള്‍ പോലും കൂടെ ഒരാളെപ്പോലും കൊണ്ടുപോകാറില്ലെന്നും, സുരക്ഷയ്ക്ക് ആരെയും കൂടെക്കൂട്ടാറില്ലെന്നും. മുഖ്യമന്ത്രി അവകാശപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തിലും ഹെലികോപ്റ്ററിലും മുമ്പ് നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും അന്ന് അവരുടെയൊക്കെ പേര് വെളിപ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ദുരന്തനിവാരണ നിധിയിലേക്ക് ആളുകള്‍ പണം നല്‍കുന്നത് ദുരിതബാധിതര്‍ക്ക് സഹായം നല്‍കാനാണ്, അല്ലാതെ മുഖ്യമന്ത്രിക്ക് വിമാന യാത്ര നടത്താനല്ലെന്നും മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ഒളിയമ്പെയ്തു.
വിമാനം സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്‌പോണ്‍സര്‍മാരും മുഖമില്ലാത്ത അധോലോക നായകരോ എന്ന ചോദ്യമാണ് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എഎ റഹീം ഉയര്‍ത്തുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു എഎ റഹീമിന്റെ പ്രതികരണം. വടശേരി ദാമോദര മേനോന്‍ സതീശന്‍'' എന്ന താങ്കള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത് അജ്ഞാത സ്‌പോണ്‍സര്‍മാരുടെയും, ദുരൂഹ പരിചയക്കാരുടെയും ചെലവില്‍ ഭരിക്കാനല്ല.
അതൊക്കെ മറച്ചു വയ്ക്കാമെന്നും, അധോലോകക്കാര്‍ക്ക് വിധേയപ്പെട്ട് ഭരണം നടത്താമെന്നും അന്ന് ചൊല്ലിയ ആ സത്യപ്രതിജ്ഞയില്‍ ഉണ്ടായിരുന്നില്ലെന്നും എഎ റഹീം ഓര്‍മ്മിപ്പിക്കുന്നു.
നേരത്തെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ഇന്‍വെസ്റ്ററെ കാണാന്‍ ആയിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും എഎ റഹീം പോസ്റ്റില്‍ പരാമര്‍ശിച്ചു. ആരാണ് ആ ഇന്‍വെസ്റ്റര്‍ ഗ്രൂപ്പ് എന്ന് ഇന്ന് വരെ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ഒരു മലപ്പുറം യാത്ര!
അത് ഒരു 'പരിചയക്കാരന്റെ' വിമാനമാണെന്ന് ഇന്ന് മറുപടി. ആരാണ് ആ 'പരിചയക്കാരന്‍' എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും 'വെളിപ്പെടുത്താന്‍ മനസ്സില്ല' എന്ന ദുരൂഹമായ നിലപാട്. പുറത്തു പറയാന്‍ പറ്റാത്ത സുഹൃത്തുക്കളും, സുതാര്യമല്ലാത്ത ദുരൂഹ യാത്രകളും നടത്താനുള്ള സൗകര്യമല്ല ഈ ഭരണഘടനാ പദവി എന്നും എഎ റഹീം പറയുന്നു.
The controversy over Kerala Chief Minister V. D. Satheesan’s chartered flight to rain-hit Malappuram has intensified, with opposition parties demanding disclosure of the person who sponsored the journey. Satheesan has said that the aircraft was arranged by an acquaintance and that no government money was spent on the trip, but he has declined to reveal the sponsor’s identity. The issue has triggered a wider political debate over transparency and the acceptance of privately sponsored facilities for official travel.