കയറ്റുമതി റാങ്കിങിൽ കേരളാ മുന്നേറ്റം; 19ൽ നിന്ന് 11ാം സ്ഥാനത്തേക്ക് ഉയർന്നു

സിംഗപ്പൂർ, യുഎഇ, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്
കയറ്റുമതി റാങ്കിങിൽ കേരളാ മുന്നേറ്റം; 19ൽ നിന്ന് 11ാം സ്ഥാനത്തേക്ക് ഉയർന്നു
Published on

തിരുവനന്തപുരം: കയറ്റുമതിയുടെ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റത്തിൽ സന്തോഷം പങ്കുവെച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ നീതി ആയോഗ് പുതുക്കിയ പട്ടികയിൽ കേരളം 19ാം സ്ഥാനത്ത് നിന്ന് 11ാം സ്ഥാനത്തേക്ക് ഉയർന്നുവെന്ന് മന്ത്രി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

കയറ്റുമതി കേരളത്തിന്റെ ശക്തമായ വളർച്ചാമേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പുതുതായി പ്രസിദ്ധീകരിച്ച നിതി ആയോഗ് സൂചിക വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു. കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ ആവാസവ്യവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയതെന്നും ഈ മേഖലകളിലെ മെച്ചപ്പെടുത്തലുകളാണ് കേരളത്തിന്റെ കുതിപ്പിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോളിയം ഉൽപ്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, സംസ്ഥാനത്ത് നിർമ്മിക്കുന്ന കപ്പലുകളും ബോട്ടുകളും, എസൻഷ്യൽ ഓയിലുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായും കാപ്പിമേഖലയിലെ തിരിച്ചുവരവും പട്ടികയിൽ പ്രതിഫലിക്കുന്നതായും മന്ത്രി പറഞ്ഞു.

സിംഗപ്പൂർ, യുഎഇ, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. ഇതിന് 19 തുറമുഖങ്ങൾ, അഞ്ച് കാർഗോ ടെർമിനലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംസ്ഥാനത്ത് പ്രയോജനപ്പെടുത്തുന്നതായും സൂചിക വ്യക്തമാക്കുന്നു. കയറ്റുമതി വർധനവിന് സഹായകമായ സംസ്ഥാന സർക്കാരിന്റെ നയപരവും ഭരണപരവുമായ പിന്തുണയ്ക്കും മികച്ച വിലയിരുത്തലാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വാണിജ്യമേഖലയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും സംസ്ഥാന കയറ്റുമതി നയം നടപ്പിലാക്കിയതും ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചതായും, അടുത്ത വർഷത്തെ റാങ്കിങിൽ ആദ്യ പത്തിനുള്ളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.

English Summary: Kerala has improved its export readiness ranking from 19th to 11th place in NITI Aayog’s latest index, reflecting strong growth across multiple export sectors, according to Minister P. Rajeeve.

Related Stories

No stories found.
Madism Digital
madismdigital.com