

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവിന് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. രോഗികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള പുതിയ നിയമ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ആരോഗ്യരംഗത്തെ ഈ അമിത കച്ചവട താത്പര്യം അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്.
രോഗികള്‍ക്ക് ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാവുന്ന ചെലവ് വ്യക്തമാക്കുക, ബില്ലില്‍ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക, മരുന്നുകളുടെ വിലയില്‍ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ഉറപ്പാക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ എം.ആര്‍.പിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം. ആശുപത്രികള്‍ മരുന്നുകള്‍ വാങ്ങുന്ന വിലയും രോഗികളില്‍ നിന്ന് ഈടാക്കുന്ന വിലയും സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനവും പരിശോധിക്കും.
നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായുള്ള സമിതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സ്വകാര്യ ആശുപത്രിമേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാര്‍ശകള്‍ കമ്മിറ്റി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, മരുന്നുകളുടെ വില, ഡയഗ്‌നോസ്റ്റിക് പരിശോധനകളുടെ നിരക്ക്, മുറിവാടക, വിവിധ ചികിത്സാ പ്രൊസീജറുകള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള നിരക്ക് എന്നിവ വിശദമായി പരിശോധിച്ചാകും നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കുക. സ്വകാര്യ ആശുപത്രികള്‍ കേരളത്തിന്റെ ആരോഗ്യരംഗത്ത് നിര്‍ണായക സാന്നിദ്ധ്യമാണെങ്കിലും ചില ആശുപത്രികള്‍ പാവപ്പെട്ടവരെ അമിതമായി ചൂഷണം ചെയ്യുന്നതായി മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
ലബോറട്ടറി പരിശോധനകള്‍, സി.ടി, എം.ആര്‍.ഐ സ്‌കാനിംഗ്, മറ്റ് ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍, മുറിവാടക, പ്രൊസീജര്‍ നിരക്കുകളിലെ നിയന്ത്രണവും പരിശോധിക്കും. സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ സേവനം കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സാദ്ധ്യതകളും സമിതി വിലയിരുത്തും. സ്വകാര്യ ആശുപത്രികളുടെ ആരോഗ്യ മേഖലയിലെ സംഭാവന സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ചെലവേറിയതാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനച്ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചുകൊണ്ട്, രോഗികളുടെ താല്‍പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രായോഗിക നിയന്ത്രണ സംവിധാനമാണ് ലക്ഷ്യമിടുന്നത്.
The Kerala government is planning to introduce new legislation to regulate excessive treatment charges in private hospitals. The proposed measures aim to prevent patients from being charged unreasonable rates and improve transparency in healthcare billing. Health and Devaswom Minister K. Muraleedharan said steps have been initiated towards framing the new law, noting that many people approach authorities seeking help after receiving unaffordable private hospital bills.