

കുടുംബ സ്വത്തിന്റെ അവകാശത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തില്‍ നിര്‍ണായക നിരീക്ഷണവുമായി കേരള ഹൈക്കോടതി. വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താല്‍ സ്ത്രീയ്ക്ക് സ്വത്തിന്മേലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുമെന്നും സ്വത്ത് അവളുടെ സഹോദരന് തിരികെ ലഭിക്കുമെന്നുമുള്ള വ്യവസ്ഥ നിയമ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
സ്വത്ത് ഭാഗം വയ്ക്കുന്ന കരാറില്‍ സ്ത്രീയുടെ സ്വത്തുമായി ബന്ധപ്പെട്ട വ്യവസ്ഥ പൊതുനയത്തിന് വിരുദ്ധമാണ്. ഇത്തരം വ്യവസ്ഥകള്‍ സാധൂകരിക്കാന്‍ കഴിയാത്തതുമാണെന്നും ഹൈക്കോടതി വിധിച്ചു. പിതാവ് തയ്യാറാക്കിയ ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി, സഹോദരിയുടെ വിഹിതത്തില്‍ അവകാശമുന്നയിച്ച് വൈക്കം സ്വദേശി വര്‍ക്കിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്‍ വിധി പ്രസ്താവിച്ചത്.
കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയുടെ വിധിയും ഉത്തരവിനെ ചോദ്യം ചെയ്താണ് വൈക്കം സ്വദേശിയായ 62 കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന്റെ ധനനിശ്ചയാധാരം പ്രകാരം 1965-ല്‍ സഹോദരിയുടെ പേരില്‍ 10 സെന്റ് ഭൂമിയുടെ അവകാശം നല്‍കിയിരുന്നു.
വിവാഹിതയാകുകയോ കന്യാസ്ത്രീയാകുകയോ ചെയ്താല്‍, സ്വത്തിന്മേലുള്ള അവളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാകുമെന്നും, സ്വത്തിന്റെ അവകാശം സഹോദരന് ലഭിക്കുമെന്നുമായിരുന്നു വ്യവസ്ഥ. പിന്നീട് ഇവര്‍ 1971-ല്‍ വിവാഹിതയാകുകയും ഭര്‍ത്താവിനൊപ്പം ജര്‍മ്മനിയിലേക്ക് താമസം മാറുകയും ചെയ്തു. 1983-ല്‍ പിതാവിന്റെ മരണശേഷം, സഹോദരന്‍ സ്വത്ത് തന്റെ പേരിലാക്കിയെന്ന തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് വൈക്കം മുന്‍സിഫ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. വിവാഹത്തിന്റെ പേരില്‍ സ്വത്ത് നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നായിരുന്നു ഇവരുടെ പരാതി.
എന്നാല്‍, ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ സാധുതയുള്ളതാണെന്നും 1963-ലെ ലിമിറ്റേഷന്‍ ആക്ടിന്റെ ആര്‍ട്ടിക്കിള്‍ 58, 113 പ്രകാരം സഹോദരന്റെ നടപടി ശരിയാണെന്നുമായിരുന്നു മുന്‍സിഫ് കോടതിയുടെ വിധി. ഇതിനെതിരെ അഡീഷണല്‍ ജില്ലാ കോടതിയെ സമീച്ചാണ് സഹോദരി അനുകൂല വിധി നേടിയത്. മകള്‍ക്ക് പിതാവിന്റെ സ്വത്തിന് അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ വിധി. ഇതിനെതിരെയാണ് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ അസാധുവാണോ എന്നായിരുന്നു ഹൈക്കോടതി പരിഗണിച്ച പ്രധാന വിഷയം. ഇന്ത്യന്‍ കരാര്‍ നിയമത്തിലെ സെക്ഷന്‍ 26 പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിവാഹത്തിന് തടസ്സമാകുന്ന എല്ലാ കരാറുകളും അസാധുവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 1882 ലെ സ്വത്ത് കൈമാറ്റ നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം വ്യവസ്ഥ നിറവേറ്റാന്‍ കഴിയാത്തതോ, നിയമവിരുദ്ധമോ, വഞ്ചനാപരമോ, മറ്റൊരു വ്യക്തിക്കോ സ്വത്തിനോ ഹാനികരമോ, അധാര്‍മികമോ, പൊതുനയത്തിന് വിരുദ്ധമോ ആണെങ്കില്‍, ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സ്വത്ത് കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ലാഭം നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് നിയമം പ്രകാരം നിരോധിച്ചതോ പൊതുനയത്തിന് വിരുദ്ധമോ ആയ കൈമാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതൊരു വ്യവസ്ഥയും അസാധുവും നടപ്പിലാക്കാന്‍ കഴിയാത്തതുമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്.
English Summary: The Kerala High Court ruled that a clause in a property settlement deed stating a daughter would lose her property rights if she married or became a nun is against public policy and therefore void. Justice Justice S Easwaran dismissed an appeal filed by the woman’s brother, upholding the appellate court’s decision in favour of the daughter. The High Court observed that such conditions violate Section 26 of the Indian Contract Act, 1872, which voids agreements restraining marriage, and Section 25 of the Transfer of Property Act, 1882, which invalidates conditions opposed to public policy. The court held that a woman cannot be deprived of property rights merely because she chooses to marry.