

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ മുഴുവൻ ഫലങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഏകദേശം 60 ശതമാനം പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാലാം മാസത്തിൽ നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ മുന്നണികൾക്ക് ഫലം നിർണായകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റം ആവർത്തിക്കാൻ കഴിയുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ജനപിന്തുണ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന എൽഡിഎഫിനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്.
ഫലം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന് ഇരു മുന്നണികളിലെയും നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായാൽ അത് യുഡിഎഫിന് രാഷ്ട്രീയമായി കരുത്താകും. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളായി ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്.
എന്നാൽ വൈദ്യുതി പ്രതിസന്ധിയും പവർകട്ട് ഉൾപ്പെടെയുള്ള വിവാദങ്ങളും പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയങ്ങളാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിന് ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. നഷ്ടപ്പെട്ട ഇടത് അനുകൂല വോട്ടുകൾ തിരിച്ചുപിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടോയെന്നതും ഫലത്തിലൂടെ വ്യക്തമാകും. അതേസമയം, സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പ് ഫലം പ്രധാനമാണ്.
പ്രിയദർശിനിയും പവർകട്ടും പ്രധാന ചർച്ചാവിഷയങ്ങൾ
ആലപ്പുഴ, കൊല്ലം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലായി ഉപതെരഞ്ഞെടുപ്പ് നടന്നതിനാൽ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മുന്നണികൾ ഫലത്തെ കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങൾക്കാണ് സാധാരണയായി കൂടുതൽ പ്രാധാന്യം ലഭിക്കാറുള്ളത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ സംസ്ഥാന സർക്കാരിന്റെ ജനപ്രീതിയും പ്രധാന ചർച്ചാവിഷയമായിട്ടുണ്ട്.
ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ വിവിധ വികസന പ്രവർത്തനങ്ങളും മുൻനിർത്തിയാണ് യുഡിഎഫ് വോട്ടർമാരെ സമീപിച്ചത്. മറുവശത്ത്, വൈദ്യുതി പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിലൂടെ സർക്കാരിനെതിരായ വികാരം വോട്ടാക്കി മാറ്റാനാണ് എൽഡിഎഫ് ശ്രമിച്ചത്.
നിലവിലെ കണക്കുകൾ പ്രകാരം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. ശേഷിക്കുന്ന ഒരു വാർഡിൽ ട്വന്റി 20 അംഗത്തിന്റെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലാണ് ഈ വാർഡ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന എട്ട് തദ്ദേശ വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഏഴ് വാർഡുകളും നിലവിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. അതിനാൽ ഈ വാർഡുകളിലെ ഫലവും മുന്നണികൾക്ക് നിർണായകമാകും.
പല വാർഡുകളിലും ബി.ജെ.പിയും ശക്തമായ സാന്നിധ്യമാണ്. അതിനാൽ തന്നെ വോട്ടുവിഹിതത്തിലുണ്ടാകുന്ന മാറ്റങ്ങളും മുന്നണികൾ സൂക്ഷ്മമായി വിലയിരുത്തും. ഉപതെരഞ്ഞെടുപ്പിലെ വിജയം തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന പിന്തുണയായി അവതരിപ്പിക്കാൻ മുന്നണികൾ ശ്രമിക്കുമെന്നതും ഉറപ്പാണ്.
ഇന്നത്തെ ഫലം വരാനിരിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും മുന്നണികളുടെ തന്ത്രങ്ങൾക്കും ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ ജനപ്രീതി, പ്രതിപക്ഷത്തിന്റെ തിരിച്ചുവരവ്, ബിജെപിയുടെ വളർച്ച എന്നിവയെല്ലാം വിലയിരുത്താൻ ഈ ഉപതെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കും.
The results of the local body by-elections held in 38 wards across Kerala will be announced today. The outcome is politically significant as it will be the first test of the new UDF government’s popularity and the LDF’s efforts to regain public support. While the UDF highlighted welfare initiatives such as the Priyadarshini free travel scheme and Onam-season market interventions, the LDF focused on the power crisis and power cuts as key campaign issues.