ശമ്പള പരിഷ്കരണ ചർച്ച പരാജയം; നഴ്സുമാരുടെ അനിശ്ചിതകാല സമരം നാളെ പുനരാരംഭിക്കും

ശമ്പള പരിഷ്കരണം സംബന്ധിച്ച ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്നും യുഎൻഎ വ്യക്തമാക്കി
ശമ്പള പരിഷ്കരണ ചർച്ച പരാജയം; നഴ്സുമാരുടെ അനിശ്ചിതകാല സമരം നാളെ പുനരാരംഭിക്കും
Published on

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് നടന്ന മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടിരിക്കുന്നത്. നഴ്സുമാർ ഉയർത്തിയ ആവശ്യങ്ങളിൽ ധാരണയിലെത്താനാകാത്ത സാഹചര്യത്തിൽ നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചു. ശമ്പള പരിഷ്കരണം സംബന്ധിച്ച ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്നും യുഎൻഎ വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരം മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.

മാർച്ച് ആദ്യവാരം മുതലാണ് നഴ്സുമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സമരം താൽക്കാലികമായി പിൻവലിച്ചിരുന്നു. പിന്നാലെ നടന്ന വിവിധ ഘട്ടങ്ങളിലെ മധ്യസ്ഥ ചർച്ചകളിൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും 40,000 രൂപ അടിസ്ഥാന ശമ്പളമായി നൽകുന്നതിൽ ധാരണയിലെത്തിയെങ്കിലും ചില ആശുപത്രികൾ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു.

ഈ സാഹചര്യത്തിൽ വീണ്ടും നടത്തിയ മധ്യസ്ഥ ചർച്ചയാണ് ഇപ്പോൾ പരാജയപ്പെട്ടത്. ഇതോടെ ധാരണയിലെത്താത്ത ആശുപത്രികളിൽ നാളെ മുതൽ സമ്പൂർണ പണിമുടക്ക് നടത്താനും അനിശ്ചിതകാലത്തേക്ക് സമരം തുടരാനുമാണ് സംഘടനയുടെ തീരുമാനം. ആദ്യഘട്ടത്തിൽ സർക്കാർക്കെതിരെയായിരുന്നു സമരം. എന്നാൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ സമരം പിൻവലിച്ചു. നിലവിൽ വിജ്ഞാപനം പാലിക്കാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെയാണ് യുഎൻഎ സമരം ആരംഭിച്ചിരിക്കുന്നത്.

English Summary: Salary revision talks between private hospital managements and nurses in Kerala have failed, prompting the United Nurses Association to resume an indefinite strike demanding a ₹40,000 minimum wage

Related Stories

No stories found.
Madism Digital
madismdigital.com