സംസ്ഥാനം നിലവിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതികൂല കാലാവസ്ഥ, മഴയുടെ കുറവ്, ഉപഭോഗത്തിലുണ്ടായ വൻ വർദ്ധനവ് എന്നിവയാണ് നിലവിലെ ഈ അടിയന്തര സാഹചര്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഴ ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇത് ആഭ്യന്തര വൈദ്യുത ഉൽപ്പാദനം കുത്തനെ കുറയുന്നതിനിടയാക്കി. നിലവിൽ ആവശ്യത്തിന്റെ 25 ശതമാനം (ഏതാണ്ട് 1650 മെഗാവാട്ട്) വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 75 ശതമാനത്തോളം ഭാഗത്തിനായി കേന്ദ്ര വിഹിതത്തെയും മറ്റ് പുറം ഏജൻസികളെയുമാണ് കേരളം ആശ്രയിക്കുന്നത്. തമിഴ്‌നാട് (50%), കർണാടക (60%), തെലങ്കാന (67%), ആന്ധ്രപ്രദേശ് (86%) തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ തങ്ങളുടെ ആവശ്യത്തിന്റെ വലിയൊരു പങ്ക് സ്വയം ഉത്പാദിപ്പിക്കുമ്പോൾ ഈ കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ആവശ്യം 3794 മെഗാവാട്ട് ആയിരുന്നെങ്കിൽ, നിലവിൽ അത് 5200 മെഗാവാട്ടായി ഉയർന്നു. ഇതിനാൽ വിതരണ ശേഷിയേക്കാൾ 700 മുതൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം ഏഴു മണി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിൽ (പീക്ക് അവറുകളിൽ) അനുഭവപ്പെടുന്ന വൻ ഡിമാൻഡാണ് പ്രധാന വെല്ലുവിളി. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതി ഗ്രിഡിലേക്ക് ലഭിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ വിപണിയിൽ നിന്ന് ഉയർന്ന വില നൽകിയാൽ പോലും (യൂണിറ്റിന് 10 മുതൽ 16 രൂപ വരെ) വൈദ്യുതി ലഭ്യമാകാത്ത അവസ്ഥയാണ്. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും സ്ഥിതി സങ്കീർണ്ണമാക്കുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളിൽ ഖേദിക്കുന്നുവെന്നും വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പ്രതിസന്ധി മറികടക്കുന്നതിനായി കായംകുളം എൻടിപിസിയുമായി ചർച്ച നടത്തി അവരുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പിലാക്കാനും ശ്രമിച്ചുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
"ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇത് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്. മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരം. പകൽ സമയത്തും രാത്രി സമയത്തുമുള്ള വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലുള്ള വലിയ അന്തരമാണ് നിലവിലെ പ്രധാന പ്രശ്‌നങ്ങൾക്ക് കാരണം. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതി ലഭ്യമാകുകയും അത് ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്നുണ്ടെങ്കിലും, രാത്രി സമയത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സ്ഥിതിയാണുള്ളതെന്നും" അദ്ദേഹം പറഞ്ഞു.
"ഒരു യൂണിറ്റിന് 10 രൂപ മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാൽ പോലും രാത്രികാലങ്ങളിൽ വിപണിയിൽ വൈദ്യുതി ലഭ്യമല്ല. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ ഉയർന്ന വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുമ്പോഴേക്കും ലഭിക്കുന്ന ഓഫറുകൾ മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കപ്പെടുകയാണ്. മുൻകൂട്ടിയുള്ള കരാറുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കായംകുളം എൻടിപിസിയുമായി ചർച്ച നടത്തുകയും അവരുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പിലാക്കാനും ബോർഡ് ശ്രമിക്കുന്നുണ്ട്", മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബർ ഒന്നോടെ പുതിയതായി 500 മെഗാവാട്ട് പവറും സ്വാപ്പ് കരാറുകൾ വഴിയുള്ള വൈദ്യുതിയും എത്തുന്നതോടെ 900 മെഗാവാട്ടിന്റെ കുറവ് നികത്താനാകുമെന്നും ഒക്ടോബർ, നവംബർ മാസങ്ങളിൽ തടസ്സമില്ലാതെ മുന്നോട്ട് പോകാനാകുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം, സെപ്റ്റംബർ 15-ഓടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ, അമിത നിരക്ക് അടിച്ചേൽപ്പിക്കാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണ പരിഹാരമെന്നതിനാൽ സെപ്റ്റംബർ 30 വരെയുള്ള ഘട്ടം തരണം ചെയ്യാൻ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും പറഞ്ഞു.
പ്രത്യേകിച്ച് ചൂട് കൂടുമ്പോൾ എസികളുടെ ഉപയോഗം മൂലം വൈദ്യുതി ലോഡ് കുത്തനെ കൂടുന്നതിനാൽ, രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുൻപ് മാത്രം എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിലുള്ള സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിന് ഏതാണ്ട് 700 മെഗവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രിഡ് സുരക്ഷ മുൻനിർത്തി ബെംഗളൂരുവിലെ റീജണൽ ലോഡ് ഡിസ്പാച്ചിങ് സെന്ററിന്റെ നിർദ്ദേശങ്ങൾക്കും ലോഡ് ക്രമീകരണങ്ങൾക്കും വിധേയമായാണ് നിലവിലെ വൈദ്യുതി വിതരണം നടക്കുന്നത്.
Kerala is currently undergoing an acute power crisis driven by deficient rainfall, reduced hydel power generation, and a sharp spike in demand. The state generates only 25% (around 1,650 MW) of its electricity internally and relies on central allocations and external suppliers for the remaining 75%. Peak-hour demand has jumped from 3,794 MW last September to 5,200 MW, leaving a supply shortage of 700 to 900 MW. High power costs in the open market—up to ₹16 per unit during night hours—and coal shortages in Northern India have worsened the situation. Power Minister Sunny Joseph and Chief Minister V.D. Satheesan stated that steps are underway, including NTPC tie-ups, floating solar projects, and swap agreements to restore stable power by October. Meanwhile, KSEB Chairman M.G. Rajamanickam has urged the public to voluntarily conserve electricity during peak night hours.