കലയുടെ പൂരത്തിന് തിരി തെളിഞ്ഞു; 'ഉത്തരവാദിത്ത കലോത്സവ'ത്തിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും

ഇത്തവണത്തെ കലോത്സവം 'ഉത്തരവാദിത്ത കലോത്സവം' എന്ന പുതിയ ആശയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കലയുടെ പൂരത്തിന് തിരി തെളിഞ്ഞു; 'ഉത്തരവാദിത്ത കലോത്സവ'ത്തിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും
Published on

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഇന്ന് മുതല്‍ ജനുവരി 18 വരെ, 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്. കെ ഉമേഷ് മുഖ്യ വേദിക്ക് മുന്നിൽ പതാക ഉയർത്തി, കലോത്സവത്തിന് തുടക്കം കുറിച്ചു. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു.

കുട്ടികളുടേയും കാണികളുടേയും സുരക്ഷയ്ക്കായി 10 എസ്‌ഐമാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. ഇപ്രാവശ്യവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ, 25000ത്തിലധികം പേര്‍ക്കായാണ് ഭക്ഷണമൊരുക്കുന്നത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം തുടങ്ങി പ്രോട്ടീൻ സമൃദ്ധമായ കൊങ്കിണി ദോശയാണ് ഇന്ന് പ്രഭാത ഭക്ഷണത്തിനൊരുങ്ങുന്നത്. ഒരേസമയം 4000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അതിവിശാലമായ രീതിയിലാണ് ഭക്ഷണപ്പന്തൽ ഒരുക്കിയിട്ടുള്ളത്.

മത്സരങ്ങളുടെ പ്രധാന വേദി തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' യാണ്. ഇത്തവണ വിവിധ പൂക്കളുടെ പേരാണ് വേദികൾക്കു നൽകിയിട്ടുള്ളത്. അതേസമയം പൂക്കളുടെ പേരില്‍ നിന്ന് താമരയുടെ പേര് ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നു. എന്നാല്‍ ബിജെപി യുവജനസംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് താമരയുടെ പേര് നൽകാൻ തീരുമാനമായത്.

ഇത്തവണത്തെ കലോത്സവം 'ഉത്തരവാദിത്ത കലോത്സവം' എന്ന പുതിയ ആശയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി സ്വന്തം കുപ്പികൾ കരുതുക, പോഷകസമൃദ്ധമായ ഭക്ഷണം മാത്രം വിളമ്പുക, തുടങ്ങിയവയാണ് പ്രധാന ആശയങ്ങൾ. മാത്രമല്ല, ഇത്തവണ പൂരത്തിന്റെ മണ്ണിൽ ശുചിത്വത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്നും തീരുമാനിച്ചിട്ടുണ്ട്. അതിനായി, ജില്ലയിലെ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ വൊളന്റിയർമാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൂടാതെ, ഇരുനൂറിലധികം അധ്യാപകർ, ഹരിതകർമ സേനാംഗങ്ങൾ, ശുചിത്വ മിഷൻ പ്രവർത്തകർ എന്നിവരും ഈ ലക്ഷ്യത്തിൽ പങ്കാളികളാണ്.

ജനുവരി 18-നാണ് കലോത്സവം സമാപിക്കുന്നത്. നടൻ മോഹൻലാൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

English Summary: The 64th Kerala State Kalolsavam has begun, featuring 15,000 student participants competing across 25 venues until January 18.

Related Stories

No stories found.
Madism Digital
madismdigital.com