

പൂരങ്ങളുടെ നാട്ടിൽ അരങ്ങേറുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം നാളെ സമാപിക്കും. 25 വേദികളിലായി, 249 മത്സര ഇനങ്ങളിൽ, 15,000 വിദ്യാർത്ഥികളാണ് ഇത്തവണ കലോത്സവത്തിൽ പങ്കെടുത്തത്. സമാപനദിനം ശനിയാഴ്ച്ച ആയതിനാലും, മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ വിശിഷ്ടാതിഥിയായി എത്തുന്നതിനാലും, പൂരത്തിന്റെ തിരക്ക് തന്നെ കലോത്സവ മണ്ണിൽ പ്രതീക്ഷിക്കാം. ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും സമാപനവേദിയിൽ വെച്ച് തന്നെ നടക്കും.
25 വേദികളിലായി 60 മത്സര ഇനങ്ങളാണ് 4-ാം ദിനം അരങ്ങേറിയത്. 249ൽ 181 മത്സരങ്ങൾ പൂർത്തിയായി. ഇനി 68 മത്സര ഇനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നാലാം ദിനം, 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്ത്, 728 പോയിൻ്റുകളോടെ കോഴിക്കോട് ജില്ലയും മൂന്നാം സ്ഥാനത്ത് 726 പോയിൻ്റുകളോടെ തൃശൂർ ജില്ലയുമാണ് തുടരുന്നത്. മത്സരങ്ങളുടെ 72 ശതമാനം പൂർത്തിയായി കഴിഞ്ഞു. സ്കൂളുകളിൽ പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഇതുവരെ 101ൽ 74 മത്സര ഇനങ്ങളും, ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 110ൽ 76 ഇനങ്ങളും, എച്ച്എസ് അറബിക് വിഭാഗത്തിൽ 19ൽ 16 ഇനങ്ങളും, എച്ച്എസ് സംസ്കൃത വിഭാഗത്തിൽ 19ൽ 15 ഇനങ്ങളുമാണ് പൂർത്തിയായത്. ഇതുവരെ 181 മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട് ജില്ല ഇക്കുറി 726 പോയിൻ്റുകളോടെ നാലാം സ്ഥാനത്താണ് തുടരുന്നത്. അഞ്ചാം സ്ഥാനത്ത് തിരുവനന്തപുരം, ആറാം സ്ഥാനത്ത് മലപ്പുറം, ഏഴാം സ്ഥാനത്ത് കൊല്ലം, എട്ടാം സ്ഥാനത്ത് എറണാകുളം, ഒൻപതാം സ്ഥാനത്ത് വയനാട്, 10-ാം സ്ഥാനത്ത് കാസർകോട്, 11-ാം സ്ഥാനത്ത് കോട്ടയം, 12-ാം സ്ഥാനത്ത് ആലപ്പുഴ, 13-ാം സ്ഥാനത്ത് പത്തനംതിട്ട എന്നിങ്ങനെയാണ് പോയിൻ്റ് നില. നിലവിൽ 606 പോയിൻ്റുകളുമായി ഇടുക്കി ജില്ലയാണ് ഏറ്റവും അവസാനം എത്തിയത്.
English Summary: On Day 4 of Kalolsavam, Kannur continues to lead with 739 points.