തെരുവ് നായകൾക്കുള്ള ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ രീതിയിൽ ജനങ്ങളുടെ പ്രതിഷേധമുണ്ടെന്നും സംസഥാന ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേരളത്തിലെ വർധിച്ചു വരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിച്ചു കൊണ്ടായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഈ സത്യവാങ്മൂലത്തിലാണ് തെരുവ് നായകളെ പാർപ്പിക്കുന്നതിനുള്ള ഡോഗ് പൗണ്ടുകൾ സ്ഥാപിക്കുന്നതിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
'നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ആയതിനാൽ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. നിലവിൽ രണ്ട് ഡോഗ് പൗണ്ടുകളാണ് കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാന റവന്യു വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും നടപടികൾ സ്വീകരിച്ച് വരികയാണെന്നും. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശിയാണ് സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തത്.
തെരുവ് നായ്ക്കളുടെ കൂട്ട വന്ധ്യ കരണം നടത്തുന്നതിനുള്ള ABC കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് എതിരെയും ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുള്ളത്. തലശേരിയിൽ ആരംഭിച്ച കേന്ദ്രത്തിൽ 77 തെരുവ് നായകളെയാണ് വന്ധ്യംകരണം ചെയ്തത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തേണ്ടുന്ന സാഹചര്യമുണ്ടായി. തെരുവുനായകളുടെ ശല്യം അധികമായ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
English Summary: The Kerala government told the Supreme Court that finding land for stray dog shelters is practically difficult due to high population density and strong public protests against such facilities and ABC centres.