

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ തമ്മിലുള്ള ഭിന്നതയും എസ്‌ഐആര്‍ നടപടിക്രമങ്ങളിലെ ക്രമക്കേടുകളിലും രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കേരളം. ഇരുപത് വര്‍ഷം മുമ്പുള്ള മലേഷ്യന്‍ എഞ്ചിനിയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
ഗ്യാനേഷ് കുമാര്‍ കേരള പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് 2006-ല്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് സംബന്ധിച്ച അഴിമതി ആരോപണങ്ങളാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍. പദ്ധതിയുടെ കരാറെടുത്ത PATI-BEL കണ്‍സോര്‍ഷ്യത്തിലെ മലേഷ്യന്‍ എന്‍ജിനീയര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്ത സംഭവവും അന്വേഷണത്തിന്റെ ഭാഗമാണ്.
എം.സി. റോഡ് നിര്‍മാണക്കരാര്‍ എടുത്ത മലേഷ്യന്‍ കമ്പനിയുടെ ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് എഞ്ചിനിയര്‍ ലീ സീ ബിന്‍ ആത്മഹത്യയ്ക്ക് മുന്‍പ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ പരാതിയില്‍ രണ്ട് സ്ഥലത്ത് അന്നത്തെ വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേരുള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കാനും മൊഴി നല്‍കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ലീ സീ ബിന്നിന്റെ ആത്മഹത്യ കുറിപ്പിലും ഗ്യാനേഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
വിഷയത്തില്‍ അന്ന് നടന്ന വിജിലന്‍സ് അന്വേഷണം പിന്നീട് കാര്യമായ കണ്ടെത്തലുകളില്ലാതെ അവസാനിച്ചിരുന്നു. ഗ്യാനേഷ് കുമാറിനെ വകുപ്പ് മാറ്റുക മാത്രമാണ് അന്ന് ഉണ്ടായത്. പഴയ ഫയലുകള്‍ വീണ്ടും പരിശോധിച്ച് പുനരന്വേഷണം നടത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കെപിസിസി നിര്‍വാഹക സമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായും അന്വേഷണത്തിന് നിയമപരമായ തടസ്സമില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെയും നിലപാട്. അനേഷണത്തിന്റെ ഭാഗമായി അക്കാലത്ത് റോഡ് പദ്ധതികളുമായി ബന്ധപ്പെട്ടിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.
എന്നാല്‍, രാജ്യത്തെ മുഖ്യ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒന്നായ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഈ നടപടിക്കെതിരെ സ്വാഭാവികമായും നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാനാണ് സാധ്യത. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്‌മെന്റ് നടപടിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീങ്ങുന്നതിനിടെ കേരളത്തിന്റെ നടപടി ആരോപണങ്ങളുടെ ബലം കൂട്ടാന്‍ സഹായിക്കും.
Amid continuing protests over alleged differences within the Election Commission and concerns surrounding the SIR process, the Kerala government has ordered a fresh Vigilance inquiry involving Chief Election Commissioner Gyanesh Kumar. The probe relates to a 2006 case concerning the suicide of Malaysian civil engineer Lee See Been, who was associated with the PATI-BEL consortium working on the Kerala State Transport Project when Kumar was serving as Kerala PWD Secretary. A preliminary Vigilance inquiry had been conducted at the time, and the government has now ordered a renewed investigation into the allegations.