കൊച്ചി മെട്രോയുടെ സെർവറിൽ ഗുരുതര സുരക്ഷാ വീഴ്ച; ജീവനക്കാരുടെ ബാങ്ക് വിവരങ്ങളും പാൻ നമ്പറുകളും ഗുരുതര സുരക്ഷാ ഭീഷണിയില്‍

2011 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടേതുൾപ്പെടെ നിരവധി പേരുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്
കൊച്ചി മെട്രോയുടെ സെർവറിൽ ഗുരുതര സുരക്ഷാ വീഴ്ച; ജീവനക്കാരുടെ ബാങ്ക് വിവരങ്ങളും പാൻ നമ്പറുകളും ഗുരുതര സുരക്ഷാ ഭീഷണിയില്‍
Published on: 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ സെർവറിൽ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി. 2011 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടേതുൾപ്പെടെ നിരവധി പേരുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. പാൻ കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ശമ്പളത്തിന്റെ വിശദാംശങ്ങൾ, യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ തുടങ്ങിയ അതീവ രഹസ്യ വിവരങ്ങളാണ് സുരക്ഷാ വീഴ്ചയെ തുടർന്ന് വെളിപ്പെടാവുന്ന നിലയിലായിരുന്നത്. മലയാളി സൈബർ സുരക്ഷാ ഗവേഷകന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു വിവര ചോർച്ചാ സാധ്യത ഒഴിവാക്കാൻ സഹായിച്ചത്.

2026 ഒക്ടോബർ 23ന് സൈബർ സുരക്ഷാ ഗവേഷകനായ ടെഡി എൻ. ഏലിയാസാണ് കെഎംആർഎൽ സെർവറിലെ പിഴവ് കണ്ടെത്തിയത്. സെർവറിന്റെ റൂട്ട് ഡയറക്ടറിയിൽ ഡയറക്ടറി ലിസ്റ്റിങ് സംവിധാനം പ്രവർത്തനക്ഷമമാക്കിയിരുന്നതാണ് പ്രശ്നത്തിന് കാരണമായത്. ഇതുവഴി സെർവറിൽ സൂക്ഷിച്ചിരുന്ന ഫയലുകളും വിവരങ്ങളും പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന സാഹചര്യമുണ്ടായി.

ജീവനക്കാരുടെ പേരുകൾ, പാൻ കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, യു.എ.എൻ വിവരങ്ങൾ, ശമ്പള രേഖകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇത്തരത്തിൽ പുറത്താകാൻ സാധ്യതയുണ്ടായിരുന്നത്. വർഷങ്ങളായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

സുരക്ഷാ വീഴ്ച കണ്ടെത്തിയതിന് പിന്നാലെ ടെഡി ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് (CERT-In) കൈമാറി. പിഴവ് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടാമെന്ന് വ്യക്തമാക്കുന്ന പ്രൂഫ് ഓഫ് കൺസെപ്റ്റ് (PoC) വീഡിയോയും അനുബന്ധ തെളിവുകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നു. വിഷയം പരിശോധിച്ച അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും സുരക്ഷാ പ്രശ്നം പരിഹരിച്ചതായി സ്ഥിരീകരിക്കാൻ ഗവേഷകനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർപരിശോധനയിൽ സെർവറിലെ സുരക്ഷാ വീഴ്ച പരിഹരിച്ചതായി കണ്ടെത്തിയ ടെഡി ഇക്കാര്യം CERT-In-നെ ഔദ്യോഗികമായി അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയിലും ആശങ്ക; സമഗ്ര സുരക്ഷാ ഓഡിറ്റ് വേണമെന്ന് ആവശ്യം

നിലവിൽ കണ്ടെത്തിയ സുരക്ഷാ പിഴവ് കൊച്ചി മെട്രോയുടെ ട്രെയിൻ സർവീസുകളെയോ യാത്രക്കാരുടെ സുരക്ഷയെയോ നേരിട്ട് ബാധിക്കുന്നതല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ജീവനക്കാരുടെ സുപ്രധാന വിവരങ്ങൾ പോലും സുരക്ഷിതമല്ലാത്ത രീതിയിൽ സെർവറിൽ സൂക്ഷിക്കപ്പെട്ടിരുന്ന സാഹചര്യം ഗൗരവത്തോടെയാണ് കാണേണ്ടത്.

ഈ പശ്ചാത്തലത്തിൽ കെഎംആർഎല്ലിന്റെ ഐ.ടി സംവിധാനങ്ങളുടെ സുരക്ഷ പൂർണമായി വിലയിരുത്തണമെന്നാണ് ഗവേഷകന്റെ ആവശ്യം. സാധാരണ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് പുറമെ മെട്രോ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന SCADA ഉൾപ്പെടെയുള്ള ഇൻഡസ്ട്രിയൽ കൺട്രോൾ സിസ്റ്റംസിലും (ICS) സമഗ്രമായ സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ട്. നിലവിലുള്ള സംവിധാനങ്ങളിൽ മറ്റെന്തെങ്കിലും സുരക്ഷാ ദൗർബല്യങ്ങളുണ്ടോയെന്ന് കണ്ടെത്താനും ഭാവിയിലെ സൈബർ ആക്രമണങ്ങൾ തടയാനും അടിയന്തര സുരക്ഷാ ഓഡിറ്റ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബർ സുരക്ഷാ ഗവേഷകന് CERT-In-ന്റെ അഭിനന്ദനം

കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ ഇലക്ട്രോണിക്സ് ലാബിലാണ് ടെഡി എൻ. ഏലിയാസ് ജോലി ചെയ്യുന്നത്. 2015 മുതൽ സൈബർ സുരക്ഷാ രംഗത്ത് സജീവമായ അദ്ദേഹം വിവിധ രാജ്യങ്ങളിലെ നിർണായക കമ്പ്യൂട്ടർ സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിലും നിര്‍ണായമായ സംഭാവനകള്‍ നൽകിയിട്ടുണ്ട്.

ഉത്തരവാദിത്തപരമായ രീതിയിൽ സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യുകയും രാജ്യത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്ത പ്രവർത്തനങ്ങളെ പരിഗണിച്ച് CERT-In ടെഡിയെ ഔദ്യോഗികമായി അഭിനന്ദിച്ചു. സമയബന്ധിതമായി സുരക്ഷാ വീഴ്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിലൂടെ വലിയൊരു വിവര ചോർച്ചാ സാധ്യതയാണ് ഒഴിവാക്കാനായത്.

Summary

A serious security lapse has been discovered in the Kochi Metro server, potentially exposing confidential information, including employees’ PAN numbers and bank details, to the public. A major data breach was averted following the intervention of a cybersecurity researcher.