

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യസംഭരണകേന്ദ്രത്തിൽ വൻ തീപ്പിടിത്തം. എംആർഎം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സംഭരണകേന്ദ്രത്തിലാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ അഗ്നിബാധയുണ്ടായത്. മൂന്നുനില കെട്ടിടവും, ഒരു പിക്കപ്പ് വാനും, യന്ത്രങ്ങളും കത്തിനശിച്ചു. യാർഡിന് സമീപത്തെ കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ വലിയ ആളപായമാണ് ഒഴിവായത്.
കെട്ടിടത്തിന്റെ സമീപവശത്തെ റോഡരികിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ നിന്നുമുള്ള പടക്കത്തിന്റെ കനൽ തരികൾ ദിശതെറ്റി വീണതാവാം ഒരുപക്ഷെ തീപ്പിടിത്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വാലില്ലാപ്പുഴ സ്വദേശി ഇബത്തുള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം എം.കെ. ഷാഹിദ്, നസ്രുദ്ദീൻ പി.എം. പാറക്കൽ, സുനിൽ പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്തതായിരുന്നു. മുക്കം, വെള്ളിമാടുകുന്ന്, നരിക്കുനി അഗ്നിരക്ഷാകേന്ദ്രങ്ങളിൽ നിന്നുള്ള അഞ്ച് യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാലുമുതൽ രാവിലെ ഒൻപതര വരെ അഞ്ചര മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്.
English Summary: Major fire broke out at a plastic waste storage facility in Thamarassery, Kozhikode, triggered by firecrackers from New Year celebrations.