

ബിജെപി അനുഭാവിയാണെങ്കിലും, തന്റെ രാഷ്ട്രീയ നിലപാടുകൾ മക്കളിൽ അടിച്ചേൽപ്പിക്കാറില്ലെന്ന് നടൻ കൃഷ്ണകുമാർ. തന്റെ നാല് പെൺമക്കൾക്കും പാർട്ടി അംഗത്വമില്ലെന്നും, തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നത് അച്ഛനെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവർക്കും രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടാവണം. രാഷ്ട്ര നിർമാണത്തിന് നമ്മൾ ഓരോരുത്തരുടെയും സംഭാവനകൾ വേണം. ഏത് പാർട്ടിയിൽ ആണെങ്കിലും അത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെങ്കിൽ അതിന് യാതൊരു കുഴപ്പവുമില്ല,' ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണ കുമാർ വ്യക്തമാക്കി.
'ഞാൻ വിശ്വസിക്കുന്ന പാർട്ടി ബിജെപി ആയതുകൊണ്ട് മാത്രം, എന്റെ മക്കളും അത് തിരഞ്ഞെടുക്കണമെന്നില്ല. ഞാൻ നിർബന്ധിച്ചിട്ടുമില്ല. അവരാരും പാർട്ടിയിൽ അംഗത്വം എടുത്തിട്ടുമില്ല. ഞാൻ ഇലക്ഷന് നിൽക്കുമ്പോൾ, പാർട്ടി എന്നതിലുപരി അച്ഛനെ ജയിപ്പിക്കണം എന്ന് മാത്രമാണ് അവരുടെ ആഗ്രഹം. ആ ആഗ്രഹത്തെ പലരും രാഷ്ട്രീയമായി കാണാറുണ്ട്. ഒരു പാർട്ടിയോടും അവർക്ക് താല്പര്യമില്ല. എന്ന് കരുതി, ബിജെപിയോട് ഇഷ്ടക്കുറവും ഇല്ല,' കൃഷ്ണ കുമാർ പറഞ്ഞു.
രാഷ്ട്രീയം, മതം, എന്നീ വിഷയങ്ങൾ വളരെ വ്യക്തിപരമായ കാര്യങ്ങളാണെന്നും, അത് പൊതുവേദികളിൽ ചർച്ച ചെയ്യാതിരിക്കുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. താനൊരു സ്ഥാനാർത്ഥി ആകുമ്പോൾ രാഷ്ട്രീയം പറഞ്ഞേ പറ്റൂ. അതിന്റെ പേരിൽ വ്യക്തിപരമായി ഒരാളെയും നാം ടാർഗെറ്റ് ചെയ്യരുതെന്നും കൃഷ്ണ കുമാർ പറഞ്ഞു.
വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള തന്റെ താല്പര്യവും കൃഷ്ണ കുമാർ തുറന്നു പറഞ്ഞു. 'കഴിഞ്ഞ 25 കൊല്ലമായി ഞാൻ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂർക്കാവ്. ഇവിടെ ധാരാളം ബന്ധങ്ങളുണ്ട്. രാഷ്ട്രീയത്തിന് അധീതമായി ഒരു വ്യക്തിക്ക് എത്ര വോട്ട് കൊണ്ടുവരാൻ പറ്റും എന്നതിലാണ് വിജയമിരിക്കുന്നത്. പാർട്ടിക്ക് ഒരു ഘടനയും രീതിയുമുണ്ട്. ആര് എവിടെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. അത് അനുസരിക്കുക എന്നതാണ് ഒരു പ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമയും,' അദ്ദേഹം വൃക്തമാക്കി. പാർട്ടി വട്ടിയൂർക്കാവിൽ മത്സരിക്കാൻ പറഞ്ഞാൽ തീർച്ചയായും മത്സരിക്കുമെന്നും, കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, വട്ടിയൂർകാവ് സീറ്റ് വേണമെന്ന ആവശ്യം കൃഷ്ണകുമാർ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി താൻ മണ്ഡലത്തിൽ സജീവമാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ അവിടെ പ്രവർത്തിച്ചിട്ടുണ്ടെന്നും, അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കുകയാണെങ്കിൽ നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽഎ ഉണ്ടാകുമെന്ന ഉറപ്പും അമിത് ഷായ്ക്ക് കൃഷ്ണകുമാർ നൽകിയിരുന്നു.
English Summary: Actor Krishna Kumar said his daughters are not BJP members and only support him as their father, not politically. He also expressed willingness to contest from Vattiyoorkavu for BJP