ആർത്തവ അവധി മൗലികാവകാശമല്ല; വനിതാ കണ്ടക്‌ടർമാരുടെ ആവശ്യം എതിർത്ത് കെ.എസ്.ആർ.ടി.സി.

സർക്കാർ നയതീരുമാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഹർജി നിലനിൽക്കില്ലെന്നും കെ.എസ്.ആർ.ടി.സി. വാദിക്കുന്നു
ആർത്തവ അവധി മൗലികാവകാശമല്ല; വനിതാ കണ്ടക്‌ടർമാരുടെ ആവശ്യം എതിർത്ത് കെ.എസ്.ആർ.ടി.സി.
Published on

കൊച്ചി: വനിതാ കണ്ടക്‌ടർമാർക്ക് രണ്ട് ദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ. ശമ്പളവും പെൻഷനും നൽകുന്നതിൽ പോലും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ശമ്പളത്തോടെയുള്ള പുതിയ അവധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നതാണ് കോർപ്പറേഷന്റെ നിലപാട്. ആർത്തവ അവധി മൗലികാവകാശമായി കണക്കാക്കാൻ കഴിയില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

അവധി അനുവദിക്കണമെന്ന നിവേദനം പരിഗണിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്. ആശയും മറ്റ് ചിലരും നൽകിയ ഹർജിയിലാണ് കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസർ പി.എൻ. ഹേന, സ്റ്റാൻഡിങ് കോൺസൽ ദീപു തങ്കൻ മുഖേന കോടതിയിൽ വാദം അവതരിപ്പിച്ചത്. സർക്കാർ നയതീരുമാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഹർജി നിലനിൽക്കില്ലെന്നും കെ.എസ്.ആർ.ടി.സി. വാദിക്കുന്നു.

നിലവിൽ 1842 കണ്ടക്‌ടർമാരടക്കം ആകെ 2846 വനിതാ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സി.-യിൽ ഉള്ളത്. പ്രതിമാസം ഓരോ ജീവനക്കാരിക്കും രണ്ട് ദിവസം വീതം അവധി അനുവദിച്ചാൽ 5682 അവധി ദിനങ്ങൾ വേണ്ടിവരുമെന്നും ഇതുമൂലം പകരക്കാരെ നിയോഗിക്കേണ്ടിവരിക, ഓവർടൈം നൽകേണ്ട സാഹചര്യം, സർവീസ് മുടക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി വ്യാഴാഴ്ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.

English Summary: KSRTC has opposed the demand for two days of paid menstrual leave for women conductors, stating in the Kerala High Court that such leave is not a fundamental right and is financially unviable

Related Stories

No stories found.
Madism Digital
madismdigital.com