ടൂറിസം ഡിവിഷൻ സംവിധാനം, ഭാരത് ദർശൻ യാത്രകളും പരിഗണനയില്‍; കെഎസ്ആർടിസിയില്‍ വന്‍ മാറ്റങ്ങള്‍

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം വകുപ്പ് മന്ത്രി സിപി ജോൺ നിര്‍വഹിച്ചു
ടൂറിസം ഡിവിഷൻ സംവിധാനം, ഭാരത് ദർശൻ യാത്രകളും പരിഗണനയില്‍; കെഎസ്ആർടിസിയില്‍ വന്‍ മാറ്റങ്ങള്‍
Published on

കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ ടൂറിസം മേഖലയിലേക്കും വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഭാരത് ദർശൻ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി വികസിപ്പിച്ച പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനവും തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

പുതിയ സോഫ്റ്റ്‌വെയർ പ്രാബല്യത്തിൽ വന്നതോടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്കുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും. ഇന്ത്യൻ റെയിൽവേയിലെ റിസർവേഷൻ സംവിധാനത്തിന് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിലും വെയിറ്റിങ് ലിസ്റ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ ലീസിന് നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയ്ക്കായി തന്റെ എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ സംഭാവന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ജലഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനമായിട്ടുണ്ട്. ജലഗതാഗത വകുപ്പ് സിയാലിൽ നിന്ന് വാടകയ്‌ക്കെടുത്ത സോളാർ ബോട്ടുകൾ ഉപയോഗിച്ച് സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിങ് സർവീസ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചരക്കുനീക്കത്തിൽ പങ്കാളിയാകുന്നതിനുള്ള ചർച്ചകളും കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രക്കുകൾ വാടകയ്‌ക്കെടുക്കാനും പദ്ധതിയുണ്ട്.

ആദ്യ ലക്ഷദ്വീപ് യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും ചടങ്ങിൽ മന്ത്രി ഉപഹാരങ്ങൾ നൽകി. തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഹൈദരാബാദ് യാത്രയ്ക്കായി രണ്ട് പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. മൂന്ന് പകലും രണ്ട് രാത്രിയും ഉൾപ്പെടുന്നതും രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്നതുമായ പാക്കേജുകളാണിവ.

ഹൈദരാബാദിലെ താമസം, ഭക്ഷണം, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വിമാനമാർഗം ആരംഭിക്കുന്ന ലക്ഷദ്വീപ് പാക്കേജിൽ അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കാനുള്ള അവസരമുണ്ട്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Summary

The Transport Department is moving ahead with plans to expand KSRTC’s operations into the tourism sector by launching a dedicated Tourism Division and considering national tour packages, including Bharat Darshan trips. The initiative aims to achieve integrated growth in transportation and tourism through a new Budget Tourism Cell software, online booking and waiting-list facilities, Lakshadweep and Hyderabad packages, and coordination with the Water Transport Department.

Madism Digital
madismdigital.com