ഓഹരിവിപണിയിലേക്ക് ലക്ഷ്യ; ₹246 കോടിയുടെ ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം

കൊമേഴ്സ്, ഫിനാന്‍സ് മേഖലകളില്‍ പ്രൊഫഷണല്‍ കോച്ചിംഗ് നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണ് ലക്ഷ്യ
ഓഹരിവിപണിയിലേക്ക് ലക്ഷ്യ; ₹246 കോടിയുടെ ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം
Published on

കൊച്ചി: കേരളത്തിലെ പ്രമുഖ കൊമേഴ്സ് കോച്ചിംഗ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് 'ലക്ഷ്യ'യുടെ മാതൃകമ്പനിയായ ലേണ്‍ഫ്‌ളുവന്‍സ് എഡ്യൂക്കേഷന്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്‍പ്പന (IPO) രേഖകള്‍ക്ക് സെബിയുടെ അനുമതി ലഭിച്ചു. പ്രൊമോട്ടര്‍ ഓര്‍വല്‍ ലയണല്‍ 40 ലക്ഷം ഓഹരികള്‍ ഒ.എഫ്.എസ് വഴി വില്‍ക്കും. ഓര്‍വെല്ലിന് കമ്പനിയില്‍ 94.12 ശതമാനം ഓഹരികളാണുള്ളത്.

ഐ.പി.ഒയ്ക്ക് മുന്നോടിയായി 40 കോടി രൂപ വരെയുള്ള ഓഹരികള്‍ പ്രീ-ഐപിഒ പ്ലേസ്മെന്റിലൂടെ വില്‍ക്കുന്നത് സംബന്ധിച്ചും കമ്പനിക്ക് പദ്ധതിയുണ്ട്. ഈ പദ്ധതി നടപ്പിലായാല്‍ ഫ്രഷ് ഇഷ്യൂ തുകയില്‍ കുറവ് വരുത്തും. 2025 സെപ്റ്റംബറിലാണ്‌ ഐ.പി.ഒയ്ക്ക് വേണ്ടി കമ്പനി സെബിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. 2026 മാര്‍ച്ച് 11നാണ് സെബിയുടെ അനുമതി ലഭിച്ചത്. സാഫ്രണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്സ് ആണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. ഓഹരികള്‍ എന്‍എസ്ഇ (NSE), ബിഎസ്ഇ (BSE) പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്യും. കമ്പനി ഐപിഒയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ, തീയതിയും വിലയും അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

കൊമേഴ്സ്, ഫിനാന്‍സ് മേഖലകളില്‍ പ്രൊഫഷണല്‍ കോച്ചിംഗ് നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണ് ലക്ഷ്യ. സിഎ, എസിസിഎ, സിഎംഎ തുടങ്ങിയ കോഴ്‌സുകളില്‍ അത്യാധുനിക പരിശീലനം നല്‍കി വരുന്ന ലക്ഷ്യയ്ക്ക് കേരളത്തിൽ കൊച്ചി, കാലിക്കറ്റ്, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലായും സംസ്ഥാനത്തിന് പുറത്ത് ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയിടങ്ങളുമായി 15-ഓളം ക്യാമ്പസുകളുണ്ട്. പ്രൊഫഷണല്‍ കൊമേഴ്സ് പരിശീലനത്തിന് അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിരിക്കുന്ന ലക്ഷ്യയുടെ ക്യാമ്പസുകൾ വിദേശ സര്‍വകലാശാലകൾക്ക് സമാനമായ സൗകര്യങ്ങളാണ് നൽകുന്നത്. ഇതിനുപുറമെ 'Lakshya IIC' എന്ന ലേണിംഗ് ആപ്പിലൂടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തും ലക്ഷ്യ ഏറെനാളുകളായി സജീവമാണ്.

2011-ലാണ് വയനാട് സ്വദേശിയായ ഓര്‍വെല്‍ ലയണലിന്റെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമായി ലക്ഷ്യയ്ക്ക് തുടക്കം കുറിച്ചത്. കൊമേഴ്സ് വിദ്യാഭ്യാസം അര്‍ഹിക്കുന്ന രീതിയിൽ പരിഗണിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് ലക്ഷ്യ തുടങ്ങാൻ പ്രചോദനമുൾക്കൊണ്ടത്. കോമേഴ്‌സ് പോലെയുള്ള ഉന്നത പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടിരുന്ന അസൗകര്യങ്ങളും കൃത്യമായ സഹായമില്ലായമയും പരിഹരിക്കുകയെന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ കരിയര്‍ രൂപപ്പെടുത്താന്‍ ലക്ഷ്യയ്ക്ക് സാധിച്ചു. 300-ലധികം ദേശീയ-അന്തര്‍ദേശീയ റാങ്കുകള്‍ ലക്ഷ്യയിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൊമേഴ്സ് മേഖലയില്‍ കൊണ്ടുവന്ന പ്രൊഫഷണല്‍ സമീപനമാണ് ഇന്ത്യയിലെ മറ്റ് കൊമേഴ്സ് ഇന്‍സ്റ്റിറ്റ്യൂറ്റുകളിൽ നിന്നും ലക്ഷ്യയെ വ്യത്യസ്‍തമാക്കിയതും മുൻ നിരയിലെത്തിച്ചതും.

ഉത്തരേന്ത്യയിലേക്ക് പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ധനസമാഹരണം നടത്തുന്നത്. 129 കോടി വിറ്റുവരവുള്ള ലക്ഷ്യ 2024–25 സാമ്പത്തിക വർഷത്തിൽ നേടിയത് 19.27 കോടിയുടെ ലാഭമാണ്. ഇൻവിക്ട, ഓഥം ക്യാപ്പിറ്റൽ എന്നീ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുമുള്ള മൂലധന സമാഹരണം ലക്ഷ്യ നടത്തിയിരുന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. പുതിയ ഫിസിക്കല്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുക, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

English Summary: Learnfluence Education Ltd, parent company of Lakshya Institute, has received SEBI approval for a ₹246 crore IPO. The funds will support expansion, new campuses, and business growth.

Related Stories

No stories found.
Madism Digital
madismdigital.com