സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയാണ് ഒന്നാം പ്രതി. വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ സമരപ്പന്തലില്‍ എത്തി വളര്‍മതിയെ സ്‌ട്രെച്ചറില്‍ എടുത്ത് ആംബുലൻസിലേക്ക് മാറ്റിയത്.
നിരാഹാര സമരം ആറാം ദിവസവും തുടരുമ്പോഴാണ് പൊലീസ് വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. വളർമതിയുടെ രക്തസമ്മർദം കുറഞ്ഞുവെന്നും ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇത് അവഗണിച്ച് അവർ നിരാഹാരസമരം തുടരുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടി.
കഴിഞ്ഞ തവണ 13 ദിവസം നിരാഹാരം കിടന്നിട്ടും തിരിഞ്ഞുനോക്കാത്ത സർക്കാരാണ് ഇപ്പോൾ ആരോഗ്യ പ്രശ്നം പറഞ്ഞ് വളർമതിയെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ സമരക്കാരെ ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചതാണെന്നും വളര്‍മതിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് പറഞ്ഞതാണെന്നും സമരക്കാർ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ സമരങ്ങളെ പിന്തുണയ്ക്കുകയും ഭരണത്തിലെത്തുമ്പോൾ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സർക്കാരിന്റേതെന്ന് ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തി.
അതേസമയം, തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് പൊസീല് കേസെടുത്തിരിക്കുന്നത്. വളര്‍മതിയാണ് ഒന്നാം പ്രതി. സെക്രട്ടേറിയറ്റ് ഗേറ്റിന്റെ മുന്‍ഭാഗത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാൽ, അത്തരത്തിൽ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയിട്ടില്ലെന്ന് വളർമതിയടക്കമുള്ളവർ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജില്‍ കലാപമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതെന്നും വളര്‍മതി പറഞ്ഞു.
സെക്രട്ടറിയറ്റിനു മുന്നിൽ 116 ദിവസമായി സമരം നടക്കുകയാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. എല്‍പിഎസ്ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം വര്‍ധിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വച്ചത്.
ഉദ്യോഗാർത്ഥികളെ സർക്കാർ പറഞ്ഞുപറ്റിച്ചതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ തലസ്ഥാനത്തേക്ക് എത്തിയതോടെ സെക്രട്ടേറിയറ്റ് മാർച്ചും പ്രതിഷേധവും കൂടുതൽ ശക്തമായി മാറിയിരിക്കുകയാണ്.
Police registered a case against over 50 LPST rank holders protesting in front of the Kerala Secretariat. On the sixth day of her hunger strike, protest leader Valarmathi was forcibly shifted to a hospital by the police following doctors' warnings about her deteriorating health. Protesters alleged that the government is using police force to suppress their intensifying agitation.