ആഘോഷം അതിരു വിട്ടു; പുതുവത്സാരാഘോഷം കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ 201 കേസുകൾ

4,14,750 രൂപയാണ് ആകെ പിഴ ചുമത്തിയിട്ടുള്ളത്
Malappuram New Year Celebration
Malappuram New Year Celebration
Published on

മലപ്പുറം: പുതുവത്സാരാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കർശന നിബന്ധനകളെല്ലാം ലംഘിച്ചത് മൂലം മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 200 കവിഞ്ഞു. നിലവിട്ട ആഘോഷത്തിൽ, മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗം, ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം ആളുകൾ, സിഗ്‌നൽലംഘനം, രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, സൈലൻസർ മാറ്റിയ വാഹനങ്ങൾ, എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ, ഡ്രൈവിങ്ങിനെ ബാധിക്കുന്ന വർണലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, തുടങ്ങിയതിനാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവയിൽ രണ്ട് കേസുകൾ കോടതിയിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടിയില്ലെങ്കിലും, നിയമ ലംഘനങ്ങൾ മൂലം 4,14,750 രൂപയാണ് ആകെ പിഴ ചുമത്തിയിട്ടുള്ളത്. ഗതാഗതനിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത തിരൂരിൽ 120 കേസുകൾ രജിസ്റ്റർചെയ്തു. തിരൂരിൽ മാത്രം 2,60,000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.

ആർടിഒ, ബി ഷഫീക്കിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ശക്തമായ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസ്, എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ദേശീയ സംസ്ഥാനപാതകൾക്ക് പുറമേ ഗ്രാമീണ മേഖലകളും വിനോദകേന്ദ്രങ്ങളും പ്രധാന ടൗണുകളും കേന്ദ്രീകരിച്ച് വൈകീട്ട് മൂന്ന് മുതൽ പുലർച്ചെ മൂന്ന് വരെ പരിശോധനയുണ്ടായി.

English Summary: Over 200 traffic violation cases were registered in Malappuram district following New Year celebrations

Related Stories

No stories found.
Madism Digital
madismdigital.com