

യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നാഗപട്ടണം സ്വദേശി സയീദ് അഫ്രീദിയെ അറസ്റ്റ് ചെയ്തു. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തിയ യുവാവ്, മലയാളി നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയതായും പരാതിയിൽ പറയുന്നുണ്ട്. പ്രതി ചെന്നൈയിലെ കോളജ് വിദ്യാർഥിയാണ്. ഹോട്ടലിലേത് പാർട്ട് ടൈം ജോലിയാണ്. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചുവെങ്കിലും, യുവനടി രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ടി നഗറിലെ പ്രമുഖ ഹോട്ടലിലായിരുന്നു യുവനടി താമസിച്ചിരുന്നത്. അതിനിടെ വൈകുന്നേരം ഇവരുടെ മുറിയിലെ ഇന്റർകോം തകരാറിലാവുകയും, ഉടൻ തന്നെ അത് റിസപ്ഷനിൽ വിളിച്ചുപറയുകയും ചെയ്തു. ഇതനുസരിച്ച് ഫോൺ ശരിയാക്കാൻ എത്തിയ 20കാരനായ യുവാവ്, നടിയെ തിരിച്ചറിഞ്ഞ് സെൽഫി വേണമെന്ന് ആവശ്യപ്പെടുകയും, എന്നാൽ ആവശ്യം നിരസിച്ചതോടെ ആലിംഗനം ചെയ്യാൻ ബലം പ്രയോഗിച്ച് ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
English Summary: 20-year-old, Sayeed Afridi was arrested for allegedly trying to forcibly hug a Malayalam actress at a Chennai hotel.