

തിരുവനന്തപുരം: മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടൻ മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ശേഖരിച്ച രക്തസാമ്പിൾ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസ് നിലനിൽക്കില്ല. നിലവിൽ കേസ് 'ഹിറ്റ് ആന്‍ഡ് റണ്‍' മാത്രമായിരിക്കും. നേരത്തെ താൻ മദ്യപിച്ചിരുന്നില്ലെന്നും പതുക്കെയാണ് വാഹനമോടിച്ചതെന്നും പരിഭ്രമമം കാരണമാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'ചിക്കുന്‍ഗുനിയ ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു സൈക്കിളില്‍ പോലും മുട്ടിയിട്ടില്ലാത്ത ആളാണ്. പതുക്കെ ഓടിക്കുന്ന ആളാണ്. പേടിച്ചുപോയി. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്. 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ്. മദ്യപിക്കില്ലെന്ന് ഡോക്ടര്‍ക്ക് വാക്കുകൊടുത്തയാളാണ്. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്', മണിയന്‍ പിള്ള രാജു പ്രതികരിച്ചു
നേരത്തെ കേസിൽ നടന് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. അപകട സമയത്ത് നടൻ ഉപയോഗിച്ച വാഹനം കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ജാമ്യം നല്‍കിയത്. നടനെ പൊലീസ് സഹായിച്ചുവെന്ന ആരോപണവും ഇതിനോടൊപ്പം ഉയർന്നിരുന്നു. വാഹനം വൈകി കസ്റ്റഡിയിലെടുത്തുവെന്നാണ് പൊലീസിനെതിരെ ഉയർന്ന ആരോപണം. ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായതയാണ് റിപ്പോർട്ട്.
മണിയൻ പിള്ള രാജു ഓടിച്ച വോൾവോ കാർ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വണ്‍വേയിലൂടെ വേഗതയില്‍ കടന്നുവന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
English Summary: Maniyanpilla Raju was not under the influence of alcohol during the accident, as confirmed by the medical report based on his blood sample. With this, the drunk driving charge will not stand, and the case is likely to proceed only as a hit-and-run incident. The actor had earlier stated that he was not intoxicated and failed to stop the vehicle due to panic.