'ഉടൻ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞു, ബൈക്ക് അമിതവേ​ഗത്തില്‍'; മണിയൻപിള്ള രാജു

ക്രോസ് ചെയ്യുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഇവർ താഴെ വീഴുന്നത് കണ്ടപ്പോൾ അപകടമാണെന്ന് മനസിലായി. ഉടൻ തന്നെ ഞാൻ സുഹൃത്തുക്കളെ വിളിച്ചു അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് എത്തിക്കണമെന്നും പറഞ്ഞിരുന്നു
'ഉടൻ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞു, ബൈക്ക് അമിതവേ​ഗത്തില്‍'; മണിയൻപിള്ള രാജു
Published on

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുമ്പിൽ ഇന്നലെ രാത്രി യുവാക്കളെ കാറിടിച്ച് നിർത്താതെ പോയ സംഭവത്തിൽ വിശദീകരണവുമായി നടൻ മണിയൻപിള്ള രാജു. അമിത വേ​ഗത്തിലെത്തിയ ബൈക്ക് തന്റെ കാറിലിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. ക്രോസ് ചെയ്യുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഇവർ താഴെ വീഴുന്നത് കണ്ടപ്പോൾ അപകടമാണെന്ന് മനസിലായി. ഉടൻ തന്നെ ഞാൻ സുഹൃത്തുക്കളെ വിളിച്ചു അപകടം നടന്നിട്ടുണ്ടെന്നും എനിക്ക് ഇറങ്ങാൻ വയ്യ, ആംബുലൻസ് എത്തിക്കണമെന്നും പറഞ്ഞിരുന്നു, സ്റ്റേഷനിലും വിളിച്ച് കാര്യം വിശദീകരിച്ചിരുന്നുവെന്നും മണിയൻപിള്ള രാജു വിശദീകരിച്ചു.

മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്;

'ഇടിച്ചിട്ട് അങ്ങനെ നിർത്താതെ പോയതല്ല. എന്റെ വണ്ടിയിലേക്ക് സ്പീഡിൽ വന്ന് ഇടിക്കുകയായിരുന്നു. ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നിന്ന് പതിയെയല്ലേ പോകാൻ കഴിയുകയുളളു. സിസിടിവി ദൃശ്യങ്ങളിൽ നിങ്ങൾക്കത് കാണാം. ക്രോസ് ചെയ്യുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഇവർ താഴെ വീഴുന്നത് കണ്ടപ്പോൾ അപകടമാണെന്ന് മനസിലായി. ഉടൻ തന്നെ ഞാൻ സുഹൃത്തുക്കളെ വിളിച്ചു അപകടം നടന്നിട്ടുണ്ടെന്നും എനിക്ക് ഇറങ്ങാൻ വയ്യ, ആംബുലൻസ് എത്തിക്കണമെന്നും പറഞ്ഞു. സ്റ്റേഷനിലും വിളിച്ച് കാര്യം പറഞ്ഞു. രാവിലെ ഹാജരായിക്കോളാം എന്നും പറഞ്ഞു. വാഹനം ഓടിച്ചത് ഞാനായിരുന്നു. എനിക്ക് വയ്യായിരുന്നു, ക്യാൻസർ പേഷ്യന്റാണ്. ഇപ്പോൾ ചിക്കൻഗുനിയ വന്നിരിക്കുകയാണ്. വീട്ടിൽ ഭാര്യ ഒറ്റയ്‌ക്കേയുളളു. അത് എന്റെ പേരിലുളള തെറ്റായിരിക്കും. വിളിച്ച് അറിയിച്ചിരുന്നു. വാഹനം സറണ്ടർ ചെയ്യും'

നേരത്തെ കേസിൽ നടന് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. അപകട സമയത്ത് നടൻ ഉപയോ​ഗിച്ച വാഹനം കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. നടന് പൊലീസ് സഹായിച്ചുവെന്ന ആരോപണവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുക്കേണ്ടിയിരുന്ന വാഹനം ഇന്ന് വൈകിയും കണ്ടെടുക്കാൻ പൊലീസ് താൽപ്പര്യം കാണിച്ചില്ലെന്നാണ് പ്രധാന ആരോപണം. ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായതയാണ് റിപ്പോർട്ട്.

മണിയൻ പിള്ള രാജു ഓടിച്ച വോൾവോ കാർ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയിട്ടുണ്ടെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് നടൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അതിന് ശേഷമാണ് ജാമ്യം നൽകിയത്.

English Summary: Actor Maniyanpilla Raju has provided his version of the hit-and-run incident near Trivandrum Club in Thiruvananthapuram, claiming the speeding bike collided into his slow-moving Volvo car while crossing. He stated that upon hearing a sound and seeing the youths fall, he immediately called friends to arrange an ambulance, informed the police station, and assured them he would surrender in the morning. Raju denied fleeing the scene intentionally, cited his ongoing cancer treatment and current chikungunya illness as reasons for not getting out of the vehicle, and promised to surrender the car. He emphasized that CCTV footage will support his account.

Related Stories

No stories found.
Madism Digital
madismdigital.com