

കൊച്ചി: ജനങ്ങളിൽ നിന്ന് അനുഗ്രഹം ലഭിക്കാനാണ് താൻ കേരത്തിൽ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ധീവരസഭയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം കേരളത്തെ “കേരളം” എന്ന് ഔദ്യോഗികമായി വിളിക്കാനുള്ള തീരുമാനം എൻഡിഎ ആണ് അംഗീകരിച്ചതെന്നും പ്രസംഗത്തിനിടെ പറഞ്ഞു. കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സാമൂഹിക പരിഷ്കർത്താവായ പണ്ഡിറ്റ് കറുപ്പനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിർത്തി കാക്കുന്നവരാണെന്നും പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ജീവൻ പണയപ്പെടുത്തി ദുരന്തമുഖത്തേക്ക് ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സേവനവും അദ്ദേഹം ഓർമ്മപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും പ്രത്യേക മന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സാങ്കേതിക സഹായങ്ങൾ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാവിലെ 11.30ന് ശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ അദ്ദേഹം ഹെലികോപ്റ്ററിൽ നാവികസേനാ താവളത്തിലേക്ക് പോയി. തുടർന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിലെ ധീവരസഭ സുവർണ ജൂബിലി പരിപാടിയിലേക്ക് എത്തിയത്. ദേശീയപാതയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉച്ചയ്ക്ക് ശേഷം കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ എൻഡിഎയുടെ കേരള തിരഞ്ഞെടുപ്പ് റാലിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഈ കൺവെൻഷനോടെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സഖ്യത്തിന്റെ ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
English Summary: Narendra Modi attended the Golden Jubilee event of Dheevara Sabha in Kochi and praised the fishing community for their bravery during disasters. He also stated that the National Democratic Alliance approved the decision to officially use the name “Keralam” for the state. The visit also marks the beginning of NDA’s Kerala election campaign and the launch of major development projects.