'കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണ്'; മലയാളത്തിൽ കുറിപ്പുമായി പ്രധാനമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെ ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
'കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണ്'; മലയാളത്തിൽ കുറിപ്പുമായി പ്രധാനമന്ത്രി
Published on

നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാള്‍ മാത്രം ശേഷിക്കേ മലയാളത്തിൽ കുറിപ്പുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമുണ്ടാകാൻ ആകാംക്ഷയുണ്ടെന്നും പാലക്കാട് നടക്കുന്ന പൊതുസമ്മേളനത്തിലും തുടർന്ന് തൃശൂരിൽ നടക്കുന്ന റോഡ്‌ഷോയിലും പങ്കെടുക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. സംസ്ഥാനത്ത് 'എൻഡിഎ'യ്ക്ക് അനുകൂലമായ പൊതുമനോഭാവമാണുള്ളതെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും പ്രധാനമന്ത്രി കുറിച്ചു.

അതേസമയം, കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് ഉച്ചയ്ക്ക് ശേഷം പാലക്കാട് എത്തുന്ന പ്രധാനമന്ത്രി കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് തൃശൂരിലെത്തി റോഡ്‌ഷോയിൽ പങ്കുചേരും. തൃശൂർ ജില്ലാ ആശുപത്രിക്ക് മുൻവശത്ത് നിന്ന് ആരംഭിക്കുന്ന റോഡ്‌ഷോ സ്വരാജ് റൗണ്ട് ചുറ്റി ബിനി ഹെറിറ്റേജിന് സമീപം സമാപിക്കും.

കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂരിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസങ്ങളിലും കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തുന്ന പരിപാടികളും നിശ്ചയിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെ ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

English Summary: Prime Minister Narendra Modi shares a message in Malayalam highlighting public support for NDA and plans to attend rallies in Palakkad and Thrissur

Related Stories

No stories found.
Madism Digital
madismdigital.com