

കൊച്ചി: എംഎസ്.സി എൽസ–3 കപ്പൽ അപകടത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ, മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി ഹൈക്കോടതിയിൽ 1227.62 കോടി രൂപ ബാങ്ക് ഗ്യാരൻ്റിയായി കെട്ടിവച്ചു. കോടതി വിധി അനുകൂലമായാൽ ഈ തുകക്ക് ലഭിക്കുന്ന പലിശയും സംസ്ഥാനത്തിന് ലഭിക്കും. പണം കെട്ടിവെച്ചതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാർ കസ്റ്റഡിയിൽ വച്ചിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ MSC അക്കിറ്റേറ്റ–2 വിട്ടയച്ചതായി അഡ്മിറാലിറ്റി സ്യൂട്ട് അറിയിച്ചു.
മെയ് 25ന് കൊച്ചി തീരത്ത് എം.എസ്.സി എൽസ–3 കപ്പൽ അപകടത്തിൽപ്പെടുന്നത്. കപ്പലിലെ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 61 കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും കേരളാ തീരത്തടിഞ്ഞിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെ തീരത്തടിഞ്ഞ 59.6 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്തത്.
അപകടം മൂലം പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചു. ചരക്കുകപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ചയെ തുടർന്ന് പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായെന്ന് സിഎംഎൽആർഇയുടെ പഠനം. മീനുകളുടെ ഭക്ഷണത്തിൽ ഇന്ധന സാന്നിധ്യം കണ്ടെത്തിയത് ഗുരുതര പ്രത്യാഘാതത്തിന്‍റെ സൂചനയാണെന്നും വ്യക്തമായി. കപ്പലിലെ ഇന്ധനം സൂക്ഷ്മ ജീവികളുടെ ഉള്ളിൽ പ്രവേശിച്ചെന്നും പഠനത്തിൽ പറയുന്നു. മത്സ്യങ്ങൾ ഭക്ഷിക്കുന്ന സുപ്ലാങ്ക്ടൺ എന്ന ജീവികളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മീൻമുട്ടകളും മീൻകുഞ്ഞുങ്ങളും നശിച്ച നിലയിലായിരുന്നു. നാഫ്തലിൻ അടക്കമുള്ള ഹൈഡ്രോകാർബണുകളുടേയും സാന്നിധ്യം സ്ഥിരീകരിച്ചു. രാസവസ്തുക്കൾ മത്സ്യങ്ങൾ വഴി മനുഷ്യരിലേക്കും എത്തുമെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവച്ചിരുന്നു.
English Summary: Following the MSC LS–3 ship accident off Kochi, the company deposited ₹1,227.62 crore as a bank guarantee. MSC Accittet–2, held by the state, has been released.