

ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിർമാതാവുമായ മുരളി കുന്നുംപുറത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നു. അഭിലാഷ് പിള്ള ഉൾപ്പെടെയുള്ള ചിലരെ താൻ വിശ്വസിച്ചുവെന്നും അവർ പറഞ്ഞു പറ്റിച്ചുവെന്നും കരഞ്ഞുകൊണ്ട് മുരളി വീഡിയോയിൽ പറയുന്നുണ്ട്. 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' തുടങ്ങിയ ചിത്രങ്ങളുടെ പരാജയമുണ്ടാക്കിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും മുരളി പറയുന്നുണ്ട്. സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. 'വെള്ളം' സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ലൈഫ്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഇപ്പോൾ ജീവിതം വഴിമുട്ടി നിൽക്കുന്നൊരു അവസ്ഥയിലാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ വീഡിയോയുമായി വരാൻ കാരണം. ഒരുപാട് ചതികൾ പറ്റി. ബിസിനസ്സിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. ബിസിനസ്സിൽ കുറെ പൈസ പോയി. ആൾക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്കാണ് സിനിമ എടുത്തത്. 'വെള്ളം'... അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്.
കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു, അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണ..വിഷ്ണു. അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറ്റിച്ചു. എന്റെ നല്ലൊരു ജീവിതം എല്ലാവരും കൂടി കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കട്ടെ. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്.
മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ടു. സുമതി വളവ് സിനിമയുടെ കളക്ഷൻ കണക്കുകൾ പരിശോധിക്കും. മുരളിയുമായും അദ്ദേഹം ആരോപണം ഉയന്നയിച്ച 'സുമതി വളവ്' സിനിമയുടെ കഥാകൃത്ത് അഭിലാഷ് പിള്ള ഉൾപ്പെടെയുള്ളവരുമായും ചർച്ച നടത്തും. എന്നാൽ സിനിമയുടെ പേരിലല്ല മുരളിയുടെ സാമ്പത്തിക പ്രശ്നമെന്നും സിനിമ ലാഭമായിരുന്നുവെന്നാണ് അഭിലാഷ് പിള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്.
English Summary: Producer Murali Kunnumpurath’s emotional video has gone viral, where he alleges financial fraud, heavy losses from films, and serious mental distress while naming several industry associates