തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് കാരണമായ പാർട്ടിയുടെ സംഘടനാ വീഴ്ചകൾ പൂർണ്ണമായും തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ തിരുത്തുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യും. പാർട്ടി അംഗങ്ങളുടെ നിലവാരം വർധിപ്പിക്കാനും ശ്രമിക്കും. പ്രാദേശിക തലത്തിലടക്കം സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് തിരുത്തുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ വലതുപക്ഷ ശക്തികളും വർഗീയവാദികളും ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. വർഗീയതയും അരാഷ്ട്രീയതയും സമൂഹത്തിൽ വളർത്തിക്കൊണ്ടുവന്ന് തങ്ങളുടെ ആശയങ്ങൾക്ക് സ്വാധീനം ഉണ്ടാക്കിയെടുക്കാനാണ് ഈ വിഭാഗങ്ങൾ ശ്രമിക്കുന്നത്. വലതുപക്ഷത്തിന്റെ ഇത്തരം നീക്കങ്ങളെയും വെല്ലുവിളികളെയും ചെറുത്തുതോൽപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇതിനായി പാർട്ടിയുടെ സംഘടനാപരമായ എല്ലാ വീഴ്ചകളും തിരുത്തി ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കും. ജനങ്ങളുടെ പൂർണ്ണ വിശ്വാസം തിരികെ പിടിക്കുന്നതിലൂടെ മാത്രമേ വലതുപക്ഷ ശക്തികളുടെ ഈ ലക്ഷ്യങ്ങളെ ഇല്ലാതാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപക്ഷത്ത് നിന്നുള്ള പുതിയ പ്രവർത്തന ശൈലിയിലൂടെ ഇതിന് മറുപടി നൽകാനാണ് പാർട്ടിയുടെ തീരുമാനം.
സംഘടനാപരമായും പുതിയ അവബോധത്തോടെയും താഴെത്തട്ടിൽ വരെ പ്രകടമായ മാറ്റമുണ്ടാകും. നിലവിലെ കണ്ടെത്തലുകളും വിവരങ്ങളും അടിസ്ഥാനമാക്കി വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോവാനുള്ള പ്രായോഗിക പ്രവർത്തനങ്ങളാണ് തിരുത്തൽ പ്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. പാർട്ടി എംഎൽഎമാർ ഉൾപ്പെടെയുള്ള എല്ലാവരും മെച്ചപ്പെടണമെന്നാണ് പാർട്ടി കാണുന്നത്. എല്ലാവരിലും മാറ്റമുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുതിയ സാമൂഹിക സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം. വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിന് പാര്‍ട്ടിയുടെ മാധ്യമ സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് തോൽവികളിലും പ്രാദേശികമായി ഉണ്ടായ വിഷയങ്ങളിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ആവശ്യമായ തിരുത്തലുകൾ വരുത്തും. സംസ്ഥാന നേതൃത്വം ഇടപെടേണ്ട വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകും. മാധ്യമങ്ങൾ സൃഷ്‌ടിക്കുന്ന അജണ്ടകൾക്ക് പിന്നാലെ പോകാൻ പാർട്ടിയെ കിട്ടില്ല. ഭരണഘടനാ തത്വങ്ങളും പാർട്ടി നിയമാവലിയും ലംഘിച്ചുള്ള ചോദ്യങ്ങൾക്ക് പാർട്ടി മറുപടി നൽകേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
CPI(M) State Secretary M.V. Govindan stated that the party will rectify its organizational flaws from the grassroots level to win back public trust following recent electoral setbacks. He also alleged that right-wing and communal forces are actively trying to weaken the Left in Kerala by promoting apolitical and communal ideologies. To counter these challenges, the party will implement strict course corrections, ensure open internal criticism, and conduct performance reviews every three months.