കോടതിയെ പോലും വെല്ലുവിളിച്ച് പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. കേസില്‍ ചെന്തമാര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. വിധി പ്രസ്താവത്തിനിടെയാണ് കോടതിയെയും ജഡ്ജിയെയും ചെന്താമര ഭീഷണിപ്പെടുത്തിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചൊളുവെന്ന് ചെന്താമര പറഞ്ഞു. ഒരു ചെകിടത്തു അടിച്ചാല്‍ മറ്റേ ചെകിടും കാണിച്ചുകൊടുക്കാന്‍ താന്‍ ഗന്ധിയല്ലെന്നും വേണ്ടിവന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താരമ ഭീഷണി മുഴക്കി. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അവസ്ഥവന്നാല്‍ ഇതുതന്നെയാകും ചെയ്യുക എന്ന് ജഡ്ജിയോട് പറഞ്ഞ ചെന്താമര, എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും വെല്ലുവിളിച്ചു.
കേസിലെ വിസ്‌താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയിൽ തന്നെയായിരുന്നു പെരുമാറ്റം. ശിക്ഷാവിധിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി പെരുമാറിയത്. ചെന്താമരയ്‌ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, ഇയാൾക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതി എടുത്തുപറഞ്ഞു. ബിഎൻഎസ് 103(I), 126 (II) വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ശിക്ഷ മറ്റന്നാള്‍ വിധിക്കും. ജൂലൈ ആറിന് കേസില്‍ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജൂണ്‍ 30-ന് പൂര്‍ത്തിയായിരുന്നു. അതേസമയം, ചെന്താമരയെ തൂക്കിക്കൊല്ലാന്‍ വിധിക്കണമെന്ന് കേസിലെ മുഖ്യസാക്ഷി പുഷ്പ പറഞ്ഞു. 'കയ്യുംകാലും വയ്യാത്ത ഞാനും കുഞ്ഞും കോയമ്പത്തൂരിലാണ്. ചെന്താമര പുറത്തിറങ്ങില്ലെന്ന് ഉറപ്പുനല്‍കിയാലേ നാട്ടിലേക്ക് വരൂ. പുറത്തിറങ്ങിയാല്‍ എന്നെയും സജിതയുടെ മക്കളെയും കൊല്ലുമെന്നു അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഞങ്ങളെ കൊല്ലും', പുഷ്പ പറഞ്ഞു.
2019-ൽ അയൽവാസിയായിരുന്ന സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
2025 ജനുവരി 27-നാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 18 ന് ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരുന്നു. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25- ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ കൂറുമാറിയിരുന്നു.
The Palakkad Additional Sessions Court has found Chenthamara guilty in the 2025 Nenmara double murder case involving the killing of neighbour Sudhakaran and his mother Lakshmi. During the verdict, the accused allegedly threatened the judge, saying he was not afraid of the death penalty and warning that he would kill again if necessary. The prosecution described the case as one of the "rarest of rare" and sought the maximum punishment. The court is expected to pronounce the sentence later. The victims' family has demanded capital punishment, expressing fears for their safety if the convict is ever released.