

നിതിന്‍ രാജിനെ കൊന്നതാണെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമുള്ള ആരോപണമുയര്‍ത്തി അച്ഛന്‍ രാജന്‍. മകനെ എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. നിതിന്‍ മരിച്ച കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെത്തിയതായിരുന്നു അദ്ദേഹം. നിതിന്റെ സഹോദരി ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.
മകനെ തള്ളിയിട്ടു കൊന്നതാണെന്നും കേസില്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്ന് രാജന്‍ ആവശ്യപ്പെട്ടു. കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ കുടുംബം നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ചു. പ്രിന്‍സിപ്പലിനെ കാണുമെന്നു നേരത്തെ പറഞ്ഞിരുന്ന അവര്‍ അതിനു തയാറാവാതെ മടങ്ങി. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു വികരാധീനനായി രാജന്റെ പ്രതികരണം.
പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിതിനു വലിയ തോതില്‍ മാനസിക പീഡനം നേരിട്ടതായി സഹോദരീഭര്‍ത്താവ് ആരോപിച്ചു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നടന്ന വിചാരണയുടെ ഭാഗമായാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ലോണ്‍ ആപ്പിന്റെ പേരില്‍ നിതിനെ വ്യക്തിഹത്യ ചെയ്തു. ലോണ്‍ ആപ്പിന്റെ ഉടമകളെ പിടികൂടിയിട്ടില്ല. ജാതി അധിക്ഷേപക്കുറ്റം കേസില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലത അടക്കമുള്ള അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം. കേസില്‍ ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
അതേസമയം, നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. 28ന് സംസ്ഥാന ഹര്‍ത്താലിനും ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം. നിതിന്റെ കുടുംബത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി എം.കപിക്കാട് ഉള്‍പ്പെടെയുള്ള ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് ദലിത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നു മാര്‍ച്ച് നടത്തി. പ്രതിഷേധം കോളേജിന്റെ ബൗണ്‍സര്‍മാര്‍ തടഞ്ഞത് സംഘര്‍ത്തിനിടയാക്കി. പ്രവര്‍ത്തകരെ ബൗണ്‍സര്‍മാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്.
English summary: Nithin Raj’s father, Rajan, visited the Ancharakandi Dental College in Kannur following his son’s death, alleging that it was a murder and not a suicide. Accompanied by family members, he inspected the hostel room and incident site but refused to meet the principal, expressing anger and grief. The family has demanded strict action against those responsible, while protests over the case continue to grow.